അപകട കാരണം ടൂറിസ്റ്റ് ബസ്സിന്റെ അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയും; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് പിഴവുണ്ടായിട്ടില്ലെന്ന് റിപോര്‍ട്ട്

Update: 2022-10-08 06:30 GMT

പാലക്കാട്: ദേശീയപാതയില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് ഒമ്പതുപേര്‍ മരിക്കാനിടയായ അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരേ അന്വേഷണ റിപോര്‍ട്ട്. ടൂറിസ്റ്റ് ബസ്സിന്റെ അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന്റെ കാരണമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ തയ്യാറാക്കിയ റിപോര്‍ട്ട് വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് വഴിവച്ചതെന്ന് ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ ജോമോന്‍ മൊഴി നല്‍കിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ആര്‍ടിഒയുടെ റിപോര്‍ട്ട്.

അപകടമുണ്ടായ സ്ഥലത്തിന് 200 മീറ്റര്‍ മുന്നെയാണ് കെഎസ്ആര്‍ടിസി ബസ് ആളെ ഇറക്കാന്‍ നിര്‍ത്തിയ ശേഷം വീണ്ടും യാത്ര തുടര്‍ന്നത്. അതുകൊണ്ടുതന്നെ വീണ്ടും ബ്രേക്കിടേണ്ട ആവശ്യമുണ്ടായിരുന്നില്ലന്ന് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല, ബസ്സിന്റെ വേഗവും കുറവായിരുന്നു. കെഎസ്ആര്‍ടിസി ബസ് വേഗത കുറച്ചപ്പോള്‍ അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ്സിന് വേഗം നിയന്ത്രിക്കാനായില്ല.

കെഎസ്ആര്‍ടിസിയുടെ വേഗത കുറച്ചപ്പോള്‍ വെട്ടിച്ചുമാറ്റാനുള്ള ടൂറിസ്റ്റ് ഡ്രൈവറുടെ ശ്രമമാണ് അപകട കാരണമായതെന്നും റിപോര്‍ട്ടിലുണ്ട്. ടൂറിസ്റ്റ് ബസ്സിന്റെ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനരഹിതമായ നിലയിലായിരുന്നു. ട്രാഫിക് ചട്ടങ്ങളുടെയും മോട്ടോര്‍ വാഹനനിയമങ്ങളുടെയും ലംഘനം ടൂറിസ്റ്റ് ബസ്സിന്റെ ഭാഗത്തുനിന്നുണ്ടായി. അതേസമയം, ടൂറിസ്റ്റ് ബസ്സിന് അപകട സമയത്ത് ശരാശരി വേഗത്തേക്കാള്‍ ഏറെക്കൂടുതലായിരുന്നു.

അപകടം നടക്കുമ്പോള്‍ മണിക്കൂറില്‍ 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു ബസ്. 84.4 കിമി ആയിരുന്നു ശരാശരി വേഗം. ഇതടക്കം ചൂണ്ടിക്കാട്ടിയുള്ള റിപോര്‍ട്ടും ഇന്ന് സമര്‍പ്പിക്കും. ഈ റിപോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും തുടര്‍നടപടികള്‍. അതിനിടെ, ടൂറസ്റ്റ് ബസ് ഡ്രൈവറുടെ നിയമലംഘനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം യാത്രയ്ക്കിടെ നിന്നുകൊണ്ട് വണ്ടിയോടിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

Tags:    

Similar News