വൈത്തിരിയിലേത് പോലിസ് നടത്തിയ ആസൂത്രിത കൊലയെന്ന് വ്യക്തമായി: വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: വയനാട് വൈത്തിരിയില്‍ മാവോവാദി നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലല്ല പോലിസ് നടത്തിയ അരും കൊലയിലാണെന്ന് പുറത്തുവന്ന ഫോറന്‍സിക് റിപോര്‍ട്ട് വ്യക്തമാക്കുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. റിപോര്‍ട്ട് അനുസരിച്ച് ജലീലിന്റേതെന്ന പേരില്‍ പോലിസ് ഹാജരാക്കിയ തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുകയോ വലതുകൈയില്‍ വെടിമരുന്നിന്റെ അംശം കണ്ടെത്തുകയോ ചെയ്തിട്ടില്ല. ജലീല്‍ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചു വെടിവച്ചതാണെന്ന പോലിസ് വാദം കള്ളമാണെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടയുടെ ഭാഗങ്ങളെല്ലാം പോലിസ് ഉപയോഗിക്കുന്ന സര്‍വീസ് റിവോള്‍വറില്‍ നിന്നുള്ളതാണെന്നാണ് ഫോറന്‍സിക് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. പോലിസ് ആസൂത്രിതമായി നടത്തിയ കൊലയാണത്. പിണറായി വിജയന്‍ നിയന്ത്രിക്കുന്ന പോലീസ് ഉത്തരേന്ത്യന്‍ മോഡല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ കേരളത്തില്‍ നടപ്പാക്കുകയാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2 സ്ത്രീകളടക്കം 7 പേരെയാണ് ഏറ്റുമുട്ടലുകളെന്ന വാദമുയര്‍ത്തി പോലിസ് കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ കൊലകളെപ്പറ്റി സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Vaithiri murder in carried out by the police: Welfare Party