മുംബൈ: അസുഖബാധിതനായി മുംബൈ നാനാവതി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വരവരറാവുവിനെ ആശുപത്രിയില്‍ നിന്ന് ജെജെ ആശുപത്രിയിലെ ജയില്‍ വാര്‍ഡിലേക്ക് മാറ്റാന്‍ തയ്യാറാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ബോംബെ ഹൈക്കോടതിയില്‍ വരവരറാവുവിന്റെ കേസ് പരിഗണിക്കുന്ന ബെഞ്ചിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
കവിയും ആക്റ്റിവിസ്റ്റുമായ വരവര റാവു എല്‍ഗാര്‍ പരിഷദ് -ഭീമ കൊറേഗാവ് .കേസില്‍ വിചാരണത്തടവുകാരനാണ്. പ്രയാധിക്യം മൂലമുള്ള അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ നാനാവതി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഈ ആഴ്ച ആദ്യം 81കാരനായ വരവരറാവുവിനെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ ചെയ്യാന്‍ തയ്യാറാണെന്ന് നാനാവതി ആശുപത്രി അധികൃതര്‍ റിപോര്‍ട്ട് നല്‍കി. അതിനെ തുടര്‍ന്നാണ് വരവര റാവുവിനെ ജെജെ ആശുപത്രിയിലെ ജയില്‍വാര്‍ഡില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാണെന്ന വിവരം സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ജെജെ ആശുപത്രിയിലും നാനാവതി ആശുപത്രിയിലെ ചികില്‍സ തുടരാമെന്നും ആശുപത്രിയില്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സന്ദര്‍ശിക്കാമെന്നും സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപക് താക്കറെ കോടതിയെ അറിയിച്ചു.
എസ് എസ് ഷിന്‍ഡെ, മനിഷ് പിടാലെ തുടങ്ങിയവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വരവരറാവുവിന്റെ കാര്യത്തില്‍ മാനുഷികമായ പരിഗണനകള്‍ നല്‍കണമെന്ന കോടതിയുടെ നിര്‍ദേശം പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സംസ്ഥാനത്തിനു വേണ്ടി ഹാജരായ കൗണ്‍സല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇതേ കേസില്‍ ഹാജരായ ഇന്ദിരാ ജെയ്‌സിങ്, വരവരറാവുവിനെ മോചിപ്പിക്കണമെന്നും അദ്ദേഹത്തെ കുടുംബത്തോടൊപ്പം കഴിയാന്‍ അനുവദിക്കണമെന്നും കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.