എല്‍ഗാര്‍ പരിഷത്ത് കേസ്: പ്രഫ. ഹാനി ബാബു ഉള്‍പ്പെടെ മൂന്ന് ആക്റ്റിവിസ്റ്റുകള്‍ക്ക് എന്‍ഐഎ സമന്‍സ്
മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടയിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ വേട്ടയാടല്‍ തുടര്‍ന്ന് എന്‍ഐഎ. എല്‍ഗാര്‍ പരിഷത്ത് കേസില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍വകലാശാല അസോഷ്യേറ്റ് പ്രഫസര്‍ എം ടി ഹാനി ബാബു ഉള്‍പ്പെടെയുള്ള മൂന്ന് ആക്ടിവിസ്റ്റുകള്‍ക്ക് എന്‍ഐഎ സമന്‍സ് അയച്ചു. ജൂലൈ 15ന് സൗത്ത് മുംബൈയിലെ എന്‍ഐഎ ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ഡല്‍ഹിയിലുള്ള പ്രഫ. ഹാനി ബാബുവിനോട് മുംബൈ ഓഫിസില്‍ ഹാജരാവാനുള്ള എന്‍ഐഎയുടെ സമന്‍സ്. എല്‍ഗാര്‍ പരിഷത്ത് കേസില്‍ 'സാക്ഷി' യായ താങ്കള്‍ ഹാജരാവണമെന്നാണ് നോട്ടീസില്‍ പറയുന്നതെന്ന് ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെ ഒരു പ്രാദേശിക എന്‍ഐഎ ഓഫിസര്‍ മുഖേന നല്‍കിയ നോട്ടീസില്‍ 'കേസിന്റെ സാഹചര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടെന്ന് തോന്നുന്നു... നിങ്ങള്‍ എന്‍ഐഎ മുമ്പാകെ ഹാജരാവേണ്ടതുണ്ട്' എന്നും വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം സപ്തംബറില്‍ പൂനെയിലെ പ്രഫ. ഹാനി ബാബുവിന്റെ വീട്ടില്‍ പോലിസ് റെയ്ഡ് നടത്തി ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഉള്‍പ്പെടെ എല്ലാ ഇലക് ട്രോണിക്‌സ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. യാതൊരു വാറന്റുമില്ലാതെയാണ് ഹാനി ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
അതേസമയം, വന്‍തോതില്‍ കൊവിഡ് വ്യാപിക്കുന്ന മുംബൈയിലേക്കെത്താന്‍ ആവശ്യപ്പെട്ടതില്‍ തന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നു് പ്രഫ. ഹാനി ബാബു ദി വയറിനോട് പറഞ്ഞു. 'എന്റെ വീട് സന്ദര്‍ശിച്ച ഉദ്യോഗസ്ഥനെ ആശങ്ക അറിയിച്ചിട്ടുണ്ട്. ജൂലൈ 15ന് മുംബൈയിലേക്ക് പോവുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സര്‍വകലാശാല ടീച്ചിങ് ഫാക്കല്‍റ്റിയംഗവും ജാതി വിരുദ്ധ പ്രവര്‍ത്തകനുമായ ഹാനി ബാബുവിന് മാവോവാദി ബന്ധമുണ്ടെന്നാണ് എന്‍ ഐഎ ആരോപണം.
പ്രഫ. ഹാനി ബാബുവിനു പുറമെ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രാന്തി ടെകുല എന്ന മാധ്യമപ്രവര്‍ത്തകനും നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍, എന്‍ഐഎ ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിച്ചപ്പോള്‍ താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്ന് തെക്കുല 'ദി വയറി'നോട് പറഞ്ഞു. 'എനിക്ക് ഒരു അറിയിപ്പും നല്‍കിയിട്ടില്ല, എന്നാല്‍ ജൂലൈ 13ന് എന്‍ഐഎ ഓഫിസില്‍ ഉണ്ടായിരിക്കണമെന്ന് ഫോണിലൂടെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ തെക്കുലയ്‌ക്കെതിരേ 2018 ആഗസ്തിലും പൂനെ പോലിസ് രംഗത്തെത്തിയിരുന്നു. കവിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വരവര റാവുവിന്റെ വസതിയില്‍ റെയ്ഡ് നടത്തിയ സമയത്താണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. റാവു അറസ്റ്റിലായപ്പോള്‍ തെക്കകുലയുടെ ലാപ്‌ടോപ്പും മറ്റും കണ്ടെടുത്തെന്നായിരുന്നു
ആരോപണം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. അതിനുശേഷം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ ഗൗതം നവ്‌ലാഖ, അക്കാദമിസ്റ്റും ആക്റ്റിവിസ്റ്റുമായ ആനന്ദ് തെല്‍തുംബ്ദെ തുടങ്ങി 11 പേരെയാണ് അറസ്റ്റ് ചെയ്തത്. യുഎപിഎ, നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.
Elgar Parishad: NIA Issues Summons to an Academic, a Journalist and 3 Activists