മാള: പൂപ്പത്തി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ പരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ വനമിത്ര പുരസ്‌കാര ജേതാവ് വി കെ ശ്രീധരനെ ആദരിച്ചു. വായനശാലാ അങ്കണത്തില്‍ വൃക്ഷത്തൈ നട്ട ശേഷം വി കെ ശ്രീധരന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി.
വിവിധ ജനപ്രതിനിധികള്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വൃക്ഷത്തൈകളും വിത്തുകളും സമ്മാനമായി നല്‍കി. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്തു. വായനശാലാ പ്രസിഡന്റ് പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി അയ്യപ്പന്‍കുട്ടി സ്വാഗതവും രാജീവ് നമ്പീശന്‍ നന്ദിയും അറിയിച്ചു.
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മാള ഫൊറോന പള്ളിയില്‍ വ്യക്ഷതൈകള്‍ നട്ടു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികാരി ഫാ. വര്‍ഗീസ് ചാലിശ്ശേരി, അസി.വികാരിമാരായ ഫാ. മാര്‍ട്ടിന്‍ മാളിയേക്കല്‍ കൂനന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, കൈക്കാരന്‍മാരായ പീറ്റര്‍ പാറേക്കാട്ട്, പോള്‍ അമ്പുക്കന്‍, ലിന്റീഷ് ആന്റോ തുടങ്ങിയവര്‍ വ്യക്ഷത്തൈകള്‍ നട്ടു. വ്യക്ഷ ത്തൈകളുടെ വിതരണവും നടത്തി.
എന്‍ സി പി പുത്തന്‍ചിറ മണ്ഡലം സ്ഥാപക പക്ഷാചരണം ജില്ലാ നിര്‍വാഹക സമിതി അംഗം ഇ എസ് ശശിധരന്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഇ കെ വീരാസ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ സലിം സ്വാഗതം പറഞ്ഞു. എന്‍ സി പി മണ്ഡലം ഖജാന്‍ജി റസീന, വൈസ് പ്രസിഡന്റ് മിനി, എന്‍ വൈ സി മണ്ഡലം പ്രസിഡന്റ് അഭിലാഷ്, എന്‍ എല്‍ സി ബ്ലോക്ക് പ്രസിഡന്റ് കെ എസ് സജിത, സെക്രട്ടറി സുജ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം എം വഹാബ് നന്ദി രേഖപ്പെടുത്തി.
കരൂപ്പടന്ന മന്‍സിലുല്‍ ഹുദ മദ്‌റസയില്‍ വെള്ളാങ്ങല്ലൂര്‍ മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. മഹല്ല് ഖതീബ് ഉസ്താദ് അബ്ദുല്‍ നാസര്‍ സഅദി തൈ നട്ടു ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം ടി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, മഹല്ല് സെക്രട്ടറി ഷാജഹാന്‍ ഹാജി, വൈസ് പ്രസിഡന്റ് മുഹമ്മദാലി ഹാജി, പി ടി എ പ്രതിനിധികളായ അബ്ദുല്‍ അസീസ് കണ്ണങ്കാട്ടില്‍, ശിഹാബ് മുടവന്‍കാട്ടില്‍, അദ്ധ്യാപകന്‍ അന്‍സാര്‍ അസ്ഹരി തുടങ്ങിയവര്‍ സംസാരിച്ചു. മധുര വിതരണം നടത്തി.
ഗ്രീന്‍ മാള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലും ഇസാഫിന്റെയും നബാര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും ബോധവത്ക്കരണവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ഉദ്ഘാടനം ചെയ്തു, ഗ്രീന്‍സ് മാള പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എം കെ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ കെ ഒ വര്‍ക്കി, സി ഇ ഒ സി സനീഷ്, കെ എസ് ഉണ്ണികൃഷണന്‍ തുടങ്ങിവര്‍ സംസാരിച്ചു. പരിപാടിയില്‍ 300 കര്‍ഷകര്‍ക്ക് ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു.