മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരം; കയ്യില്‍ ചോരക്കറയുള്ള പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ലെന്നും വിഡി സതീശന്‍

ടിപി ചന്ദ്രശേഖരനെ കൊല്ലാനുള്ള വിധിയുണ്ടായത് പിണറായിയുടെ പാര്‍ട്ടി കോടതിയില്‍

Update: 2022-07-15 06:04 GMT

തിരുവനന്തപുരം: കെകെ രമയ്ക്ക് എതിരായ എംഎം മണിയുടെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മണിയെ ന്യായീകരിച്ച നിലപാട് ക്രൂരവും നിന്ദ്യവുമാണ്. ടിപി ചന്ദ്രശേഖരനെ കൊല്ലാനുള്ള വിധിയുണ്ടായത് പിണറായിയുടെ പാര്‍ട്ടി കോടതിയിലാണ്. പാര്‍ട്ടി കോടതിയില്‍ വിധി പ്രഖ്യാപനം നടത്തിയ ജഡ്ജി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കയ്യില്‍ ചോരക്കറയുള്ള പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ല. അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കൊലയാളികളുടെ കൊലവിളി ജനം കേള്‍ക്കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.

'ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി'. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ലെന്നായിരുന്നു എംഎം മണിയുടെ വിവാദ പ്രസംഗം. 

അതേസമയം, കെകെ രമയ്ക്ക് എതിരായ എം എം മണിയുടെ പ്രസംഗത്തിനെതിരെ ഇന്നും സഭയില്‍ ബഹളം. എം എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയില്‍ തന്നെ പ്രതിഷേധം ശക്തമാക്കി. കോടതി വിധിയല്ല ടിപി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ചതെന്നും പാര്‍ട്ടി കോടതിയാണെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ച് പറഞ്ഞു.

ഒരു കോളജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടപ്പോള്‍ ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം എന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ബഹളം വെക്കുന്നത് നിയമ മന്ത്രി പി രാജീവ് വിമര്‍ശിച്ചു. മണിയുടേത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്നും ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള പാര്‍ടി കോടതി വിധിക്ക് പിന്നിലെ ജഡ്ജിയാരെന്ന് തന്നെക്കൊണ്ട് പറയിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ടിപി വധത്തില്‍ സിപിഎമ്മിന് ഉത്തരവാദിത്വമില്ലെന്നാണ് എംഎം മണി പറഞ്ഞതെന്ന് പി രാജീവ് വ്യക്തമാക്കി.

ഈ ഘട്ടത്തില്‍ സ്പീക്കര്‍ എംബി രാജേഷ് വിഷയത്തില്‍ ഇടപെട്ടു. അണ്‍ പാര്‍ലമെന്ററി പരാമര്‍ശങ്ങള്‍ പിന്നീട് പരിശോധിച്ചു നീക്കം ചെയ്യുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു. ചെയറിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി മണിയെ ന്യായീകരിച്ചതാണ് വിസ്മയിപ്പിച്ചതെന്ന് വിഡി സതീശന്‍ ഇതിനോട് പ്രതികരിച്ചു. സ്പീക്കര്‍ ചോദ്യോത്തര വേളയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.

സഹകരിക്കണം എന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം തയ്യാറായില്ല. ദലീമ ജോജോയെ സ്പീക്കര്‍ ചോദ്യം ഉന്നയിക്കാന്‍ ക്ഷണിച്ചു. ചോദ്യം ചോദിച്ചെങ്കിലും മറുപടി പറയാന്‍ മന്ത്രി എംവി ഗോവിന്ദന് സാധിച്ചില്ല. ഇതോടെ സ്പീക്കര്‍ ചോദ്യോത്തര വേള റദ്ദാക്കി. പിന്നാലെ ഇന്നത്തെ നടപടികള്‍ റദ്ദാക്കി സഭ പിരിഞ്ഞു. സഭ ഇനി തിങ്കളാഴ്ച ചേരും. 

Tags:    

Similar News