'എല്ലാപ്രശ്‌നങ്ങള്‍ക്കും കാരണം കിറ്റക്‌സ് മാനേജ്‌മെന്റും സിപിഎം നേതൃത്വവും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം'-വിഡി സതീശന്‍
നേരത്തെ കോണ്‍ഗ്രസുമായി പ്രശ്‌നമുണ്ടായപ്പോള്‍ അന്ന് മന്ത്രിയായിരുന്ന കെ ബാബു ഇടപെട്ട്് പ്രശ്‌നം പരിഹരിച്ചു. അത്തരം ഒരു സമീപനം ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
തിരുവനന്തപുരം: കിറ്റക്‌സ് മാനേജ്‌മെന്റും സിപിഎം നേതൃത്വവും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അത് കോണ്‍ഗ്രസിന്റെ തലയില്‍ ആരും കെട്ടിവയ്ക്കണ്ട. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഒറ്റ ദിവസം കൊണ്ട് തീരുന്ന പ്രശ്‌നം മാത്രമാണിതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.
കിറ്റക്‌സ് കമ്പനി മറ്റ് സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താനും കമ്പനി മാറ്റി സ്ഥാപിക്കുമെന്ന നിലപാടിലും കോണ്‍ഗ്രസിന് യാതൊരു പങ്കുമില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കമ്പനി തമിഴ്‌നാട്ടിലേക്ക് പറിച്ചു നടും എന്ന് കമ്പനിയുടമകള്‍ പറഞ്ഞപ്പോള്‍ മന്ത്രിയായിരുന്ന കെ ബാബുവിനെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ചുമതലപ്പെടുത്തി. അദ്ദേഹം നിരവധി പ്രാവശ്യം ഇരുകൂട്ടരുമായും സംസാരിച്ച് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി. അത്തരം ഒരു സമീപനം ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ പരാതി നല്‍കിയത് കടമ്പ്രയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ടാണ്. അതില്‍ മലിനീകരണനിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയതായി അറിവില്ല. കമ്പനി ആരോപിക്കുന്ന എല്ലാ പരിശോധനകളും നടന്നിട്ടുള്ളത് സിപിഎമ്മിന്റെ അറിവോടെയാണ്.
എറണാകുളം ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനാണ് കമ്പനി മാനേജ്‌മെന്റ് ശ്രമിച്ചത്. ട്വന്റി ട്വന്റി ഇല്ലായിരുന്നുവെങ്കില്‍ എല്‍ഡിഎഫ് എറണാകുളത്ത് നാണം കെട്ടുപോയേനെ എന്ന സിപിഎം ജില്ലാ കമ്മറ്റിയുടെ വിശകലനം ഇത് ശരിവയ്ക്കുന്നു. എങ്കിലും കമ്പനി പൂട്ടിപ്പോകരുത് എന്നാണ് കോണ്‍ഗ്രസ് നിലപാട്.