'കഴിഞ്ഞ അഞ്ചു കൊല്ലം തീരദേശ പാക്കേജായി പ്രഖ്യാപിച്ചത് 12000 കോടി; 12 രൂപയുടെ പദ്ധതി നടപ്പിലാക്കിയോ?'-തീരസംരക്ഷണത്തില്‍ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കഴിഞ്ഞ് അഞ്ച് കൊല്ലം വിവിധ തീരദേശ പദ്ധതികള്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ചത് 12000 കോടിയായിരുന്നെങ്കിലും 12 രൂപയുടെ പദ്ധതിപോലും നടപ്പിലാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഭയില്‍ തീരപ്രതിസന്ധിയില്‍ പിസി വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
'കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിച്ച സര്‍ക്കാരാണ് ഇപ്പോള്‍ തുടരുന്നത്. അഞ്ച് കൊല്ലത്തെ ബജറ്റ് രേഖകള്‍ പരിശോധിച്ചു. 12500 കോടി രൂപയാണ് വിവിധ തീരപദ്ധതികളിയായി പ്രഖ്യാപിച്ചത്. എന്നാല്‍ 12 രൂപയുടെ പദ്ധതിയെങ്കിലും നടപ്പിലാക്കിയിട്ടുണ്ടോ സര്‍. ഒരു പഠന റിപോര്‍ട്ടുണ്ടോ. ഏതെങ്കിലും പദ്ധതി റിപോര്‍ട്ടുണ്ടോ. കഴിഞ്ഞ അഞ്ച് കൊല്ലം തീരദേശക്കാര്‍ക്കായി നിങ്ങള്‍ എന്താണ് ചെയ്തത്. വിഴിഞ്ഞത് കേരളത്തിന്റെ സൈന്യമെന്ന് പറയുന്ന മൂന്ന് മല്‍സ്യത്തൊഴിലാളികളാണ് മരിച്ചത്. വിഴിഞ്ഞത്ത് അദാനി പോര്‍ട്ട് നിര്‍മാണപ്രവര്‍ത്തനത്തിനായി മണല്‍മാറ്റുകയാണ്. ഇത് മല്‍സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയാണ്'-വിഡി സതീശന്‍ പറഞ്ഞു.
'കേരളത്തിന്റെ സൈന്യമാണ് മല്‍സ്യത്തൊഴിലാളികള്‍. അവര്‍ നമ്മുടെ സ്വന്തം സഹോദരന്മാരാണ്. അവരുടെ പ്രശ്‌നം ഗൗരവമായി തന്നെയാണ് സര്‍ക്കാര്‍ കാണുന്നുത്. അതിനാല്‍ ഇവ്വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല'-മുഖ്യമന്ത്രി പറഞ്ഞു.