അഹങ്കാരവും ധാര്‍ഷ്ട്യവും അതിന്റെ പാരമ്യത്തിലാണ്; പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്നും പ്രതിപക്ഷ നേതാവ്

എന്‍ ഷംസുദ്ദീന്‍ എംഎല്‍എ വല്ലോഴുമൊക്കൊ അട്ടപ്പാടി ആശുപത്രിയിലേക്ക് പോയി നോക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Update: 2022-07-14 07:53 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പരാജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭരണപക്ഷത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. ഒച്ചവെച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാകില്ലെന്നും, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും വിഡി സതീശന്‍ പറഞ്ഞു.

'അട്ടപ്പാടിയിലെ ആശുപത്രികള്‍ പരിതാപകരമായ അവസ്ഥയിലാണ്. ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. ആശുപത്രികളില്‍ കുട്ടികള്‍ക്കായി വെന്റിലേറ്ററോ, ഇന്‍ക്യുബേറ്ററോ ഇല്ല. കുട്ടികളുടെ ഡോക്ടറില്ല, കാന്റീന്‍ വരെ അടച്ചുപൂട്ടി. ഇത്തരം പ്രശ്‌നങ്ങളാണ് ഗൗരവകരമായി കൈകാര്യം ചെയ്യേണ്ടത്. ഇതിനിടെ മനോഹരമായി ഇത്തരം കാര്യങ്ങളെല്ലാം ചെയ്തിരുന്ന സൂപ്രണ്ടിനെ അനാവശ്യമായി ആരോഗ്യമന്ത്രി ഇടപെട്ട് സ്ഥലം മാറ്റി. 59 താല്‍കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതി വഴിയുള്ള 12 കോടി രൂപ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിക്കാണ് കൊടുത്തത്. ഇതിലെന്താണ് കാര്യം?', വി ഡി സതീശന്‍ ചോദിച്ചു.

കേരള മോഡലിനെ കുറിച്ച് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ മരിച്ചുകൊണ്ടേയിരിക്കുകയാണ്, ഇത് കേരളത്തിന് അപമാനമാണ്. ആരോഗ്യവകുപ്പ് ദയനീയമായി പരാചയപ്പെട്ടു, സര്‍ക്കാര്‍ വിവിധ വകുപ്പുകളുടെ ഏകോപനം നടക്കുന്നില്ല. ഇത്ര ഗൗരവകരമായ വിഷയം ഉന്നയിച്ചപ്പോള്‍ ഭരണകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായത് പ്രകമോപനമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

'വിഷയം ഉന്നയിച്ചപ്പോള്‍ എംഎല്‍എ അവിടെ പോകാറില്ലെന്നാണ് മന്ത്രി പറഞ്ഞത്. അദ്ദേഹം മൂന്നാമത്തെ തവണയാണ് അവിടെ നിന്ന് ജയിച്ചുവരുന്നത്. ഓടുപൊളിച്ച് നിയമസഭയില്‍ വന്ന ആളല്ല. 99 പേര്‍ ഒരുമിച്ച് ഒച്ചയുണ്ടാക്കിയാല്‍, ഞങ്ങള്‍ 41 പേരുടെ ശബ്ദം അടപ്പിക്കാമെന്നാണോ കരുതുന്നത്? പറയാനുള്ളത് പറഞ്ഞിട്ടേ ഞങ്ങള്‍ പോവുകയുള്ളൂ. പാവപ്പെട്ടവന്റെ പ്രശ്‌നമാണ് സഭയില്‍ എത്തിച്ചത്, അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മറുപടി പറയണം, പകരം പ്രകോപിപ്പിക്കാനാണ് ശ്രമിക്കുന്നത്. പണ്ട് മന്ത്രിമാര്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറഞ്ഞിരുന്നത് ഇങ്ങനെയാണോ?, അഹങ്കാരവും ധാര്‍ഷ്ട്യവും അതിന്റെ പാരമ്യത്തില്‍ നില്‍ക്കുകയാണ്', വിഡി സതീശന്‍ ആരോപിച്ചു. 

Tags:    

Similar News