'ഒരു തരത്തിലും നന്ദികിട്ടാത്തൊരാ പണികളൊക്കെ നടത്തി'; പാര്‍ട്ടി അന്വേഷണത്തെ കവിതയിലൂടെ പ്രതിരോധിച്ച് ജി സുധാകരന്‍

കവിത ചര്‍ച്ചയായതോടെ ദുര്‍വ്യാഘ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന വിശദീകരണവുമായി ജി സുധാകരന്‍ രംഗത്തെത്തി

Update: 2021-08-08 11:47 GMT

തിരുവനന്തപുരം: പാര്‍ട്ടി അന്വേഷണത്തെ കവിതയിലൂടെ പ്രതിരോധിച്ച് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. കലാകൗമുദി വാരികയിലെഴുതിയ നേട്ടവും കോട്ടവും എന്ന കവിതയിലാണ് വിമര്‍ശനമുയര്‍ത്തിയത്.

തിരിച്ച് വരവിനായ് ചിന്തിക്കുന്നില്ല, ഇതുവരെ ചെയ്തത് വിലയിരുത്തട്ടെ. സാമൂഹ്യ ജീവിതത്തില്‍ ഒരിക്കലും നന്ദികിട്ടില്ലെന്നത് സത്യമാണ്. വസ്തുത തിരിച്ചറിഞ്ഞാലും സ്‌നേഹിതര്‍ അതില്‍ നിന്ന് വഴുതി മാറും. ആകാംക്ഷാഭരിതരായ നവാഗതര്‍ ഈ വഴി നടക്കട്ടെ-എന്നുമാണ് ജി സുധാകരന്‍ കവിതയില്‍ കുറിച്ചത്.

വെള്ളവും വളവും ലഭിക്കാതെ അവഗണനയില്‍ തന്റെ ആത്മാവ് നഷ്ടമാവുന്നതായും കവി വിലപിക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തിന് വിരാമമിടുന്നെന്ന സൂചന കൂടിയാണ് കവിത നല്‍കുന്നത്്.

എന്നാല്‍, കവിത ചര്‍ച്ചയായതോടെ ഫേസ് ബുക്കില്‍ അദ്ദേഹം മൂന്ന് വരി കൂടി കുറിച്ചു.

'പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത. ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ല. കവിത നവാഗതര്‍ക്ക്..'

നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് അമ്പലപ്പുഴയില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് വിട്ടു നിന്നു, പാര്‍ട്ടി സ്ഥാനാര്‍ഥി എച്ച് സലാം എസ്ഡിപിഐ കാരനാണെന്ന് പ്രചരിപ്പിച്ചു എന്നിങ്ങനെ പര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍സുധാകരനെതിരേ പരാതി ഉയര്‍ന്നു. പരാതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ ജി സുധാകരന്‍ പങ്കെടുത്തിരുന്നില്ല. ഇതേ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടില്ലെന്ന് പാര്‍ട്ടി സെക്രട്ടിയും അഭിപ്രായപ്പെട്ടിരുന്നു.

Tags:    

Similar News