നവനിര്‍മാണ്‍ സേന സംഘടിപ്പിക്കുന്ന പളളികള്‍ക്കു മുന്നിലെ ഹനുമാന്‍ ചാലിസയില്‍ പങ്കെടുക്കില്ലെന്ന് വിഎച്ച്പി

Update: 2022-05-03 07:38 GMT

ന്യൂഡല്‍ഹി: മുസ് ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ക്കെതിരേ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രഖ്യാപിച്ച ഹനുമാന്‍ ചാലിസ ആലാപനത്തില്‍ പങ്കെടുക്കില്ലെന്ന് വിഎച്ച്പി. വിശ്വഹിന്ദുപരിഷത്ത് രാഷ്ട്രീയേതര സംഘടനയാണെന്നും ഒരു കാലത്തും തങ്ങള്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിട്ടില്ലെന്നു വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. വിഎച്ച്പി പങ്കെടുക്കുമെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള റിപോര്‍ട്ടുകള്‍ ബന്‍സാല്‍ തള്ളി.

നവ്‌നിര്‍മാണ്‍സേനയുടെ ഹനുമാന്‍ ചാലിസയില്‍ വിഎച്ച്പി പങ്കെടുക്കുമെന്നത് വ്യാജറിപോര്‍ട്ടാണെന്നും വിഎച്ച്പിയോ ബജ്രംഗ്ദളോ അതില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ഹനുമാന്‍ ചാലിസ ആലപിക്കുന്നത് ജയിലിലടക്കാവുന്ന കുറ്റമാണോയെന്ന് അദ്ദേഹം ചോദിച്ചു. എംപി, എംഎല്‍എ ദമ്പതികളായ നവ്‌നീത് റാണയെയും രവി റാണയെയും അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു വിഎച്ച്പി നേതാവിന്റെ ആരോപണം.

ഉദ്ദവ് താക്കറെയുടെ ഔദ്യോഗിക വസതിയില്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും അറസ്റ്റിലായത്.

അറസ്റ്റ് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായ എല്ലാ ഉച്ചഭാഷണികളും എല്ലാ ആരാധനാലയങ്ങളില്‍നിന്നും എടുത്തുമാറ്റണമെന്ന് ബന്‍സാല്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News