ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ആരംഭിച്ചു; പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് രാവിലെ പത്തിനു തന്നെ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടു് രേഖപ്പെടുത്തി.
കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെക്കാവത്ത്, അര്‍ജുന്‍ റാം മെഘ്‌വാള്‍ വി മുരളീധരന്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രി അമിത്ഷായാണ് വോട്ട് രേഖപ്പെടുത്തിയ മറ്റൊരാള്‍.
രാവിലെ 10 മണി മുതല്‍ വകീട്ട് അഞ്ച് വരെ പാര്‍ലമെന്റ് ഹൗസിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം വൈകീട്ടുണ്ടാകും. മുന്‍ ബംഗാള്‍ ഗവര്‍ണറായ ജഗ്ദീപ് ധന്‍ഖറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. നിലവിലെ വോട്ട് നില അനുസരിച്ച് ജഗ്ദീപ് മുന്നിലാണ്. 527 വോട്ടാണ് പ്രതീക്കുന്നത്. ജയിക്കാന്‍ ആവശ്യമായതിനേക്കാള്‍ 327 വോട്ട് കൂടുതല്‍. ആകെ വോട്ടിന്റെ 70 ശതമാനം വരും ഇത്. വെങ്കയ്യനായിഡുവിന് ലഭിച്ചതിനേക്കാള്‍ രണ്ട് ശതമാനം വോട്ട് കൂടുതലാണ് ജഗ്ദീപിന് ലഭിക്കുക. രാജ്യസഭ, ലോക്‌സഭ സ്ഥാനാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. ആകെ 780 വോട്ടാണ് ഉള്ളത്. 543 പേര്‍ ലോക്‌സഭയിലും 245 പേര്‍ രാജ്യസഭയിലും. രാജ്യസഭയില്‍ 8 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. തൃണമൂലിന്റെ 36 എംപിമാര്‍ വോട്ടെടുപ്പില്‍നിന്ന് മാറിനില്‍ക്കും. അങ്ങനെ ആകെ 744 വോട്ടാണ് പ്രതീക്ഷിക്കുന്നത്.
എന്‍ഡിഎക്ക് 441 എംപിമാരുണ്ട്, 394 പേര്‍ ബിജെപിക്കാരാണ്. നാമനിര്‍ദേശം ചെയ്ത 5 പേരുണ്ട്. അവരും ബിജെപിയെ പിന്തുണക്കും. എന്‍ഡിഎ ഘടകകക്ഷികളല്ലാത്തവരും ജഗ്ദീപിനെ പിന്തുണക്കുന്നുണ്ട്. നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍, ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി, അകാലിദള്‍, ശിവസേനയുടെ ഏകനാഥ് ഷിന്‍ഡെ വിഭാഗം തുടങ്ങിയവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കും. ഇവര്‍ക്ക് 81 എംപിമാരാണുള്ളത്. മാര്‍ഗരറ്റ് ആല്‍വ 26 ശതമാനം വോട്ടാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്ക് കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍ജെഡി, എന്‍സിപി, എസ് പി, ഇടതുപക്ഷം എന്നീ പാര്‍ട്ടികള്‍ പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത് 32 ശതമാനം വോട്ടാണ്.