ആളുകളെ കുത്തിനിറച്ച് '108' ആംബുലന്‍സ്; ആന്ധ്ര ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവുമായി സാമൂഹിക മാധ്യമങ്ങള്‍
അമരാവതി: ആളുകളെ കുത്തിനിറച്ച് യാത്രക്കൊരുങ്ങുന്ന ആംബുലന്‍സ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ആന്ധ്രയിലെ കുര്‍ണൂലില്‍ തുങ്കത്തൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കൊവിഡ് പ്രതിരോധ കാലത്ത് പ്രതിഷേധം വിളിച്ചുവരുത്തിയത്.
ആളുകളെ കുത്തിനിറച്ച് വാതിലടക്കാന്‍ പോലും കഴിയാതെ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിന് പിന്നില്‍ കയറാനാവുമോ എന്ന പ്രതീക്ഷയില്‍ ഒരു വൃദ്ധന്‍ നില്‍ക്കുന്നിടത്തുനിന്നാണ് വീഡിയോ ആരംഭിക്കുന്നത്. വൃദ്ധന് കയറാന്‍ കഴിയില്ലെന്നു കണ്ടതോടെ ഡ്രൈവര്‍ ഒച്ചയിട്ട് അകത്തുള്ളവരോട് തിങ്ങിയിരിക്കാന്‍ ആവശ്യപ്പെടുന്നു. ഒടുവില്‍ ആളുകള്‍ സഹകരിച്ച് വൃദ്ധന്‍ കയറിപ്പറ്റുന്നു.
ആന്ധ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന 1,088, '108' ആംബുലന്‍സുകളിലൊന്നാണ് വീഡിയോയില്‍ കാണുന്നത്.
കൊവിഡ് കാലത്ത് ഇത്രയേറെപ്പേരെ കുത്തിനിറച്ച് വാഹനങ്ങള്‍ അതും ആംബുലന്‍സ് ഓടിക്കുന്നതിനെ സോഷ്യല്‍മീഡിയ വലിയ തോതില്‍ വിമര്‍ശിച്ചു. ആശുപത്രിയിലേക്കാണ് പോകുന്നതെങ്കില്‍ അത്ര കുഴപ്പമില്ലെന്നായിരുന്നു ചിലരുടെ അഭിപ്രായം.