'വിജിലന്‍സ് കേസില്‍പ്പെട്ട ഭാരവാഹികള്‍ രാജിവയ്ക്കണം'; കണ്ണൂര്‍ ജില്ലാ മുസ് ലിം ലീഗ് ഓഫിസില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം

Update: 2021-09-18 13:43 GMT

കണ്ണൂര്‍: വിജിലന്‍സ് കേസില്‍ പ്രതിപ്പട്ടികയിലുള്ള പാര്‍ട്ടി ഭാരവാഹികള്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം നടക്കുന്നതിനിടെയാണ് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തി നേതാക്കളെ തടഞ്ഞുവച്ചത്. വിജിലന്‍സ് അഴിമതിക്കേസില്‍ പ്രതിചേര്‍ത്ത മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി ഉള്‍പ്പടെയുള്ള ഭാരവാഹികള്‍ രാജിവയ്ക്കണമെന്നാണ് ആവശ്യം. 50ഓളം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് നേതാക്കളെ തടഞ്ഞത്. ഇതേത്തുടര്‍ന്ന് ഒന്നര മണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നു. തളിപ്പറമ്പില്‍ ലീഗ് കമ്മിറ്റി മരവിപ്പിച്ചതിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. ഒടുവില്‍ പരാതി അനുഭാവപൂര്‍വ്വം ചര്‍ച്ച ചെയ്യാമെന്ന് ജില്ലാ പ്രസിഡന്റ് കുഞ്ഞഹമ്മദ് എഴുതി നല്‍കിയ ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. 

കമ്പില്‍ എന്‍ആര്‍ഐ റിലീഫ് കോപറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ മണല്‍വാരലില്‍ 43 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ കേസെടുക്കാന്‍ വിജിലന്‍സ് കഴിഞ്ഞ ആഴ്ച ശുപാര്‍ശ ചെയ്തിരുന്നു. സൊസൈറ്റി ഡയറക്ടറും മുസ് ല ിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അബ്ദുള്‍ കരീം ചേലേരി, മുസ് ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം നേതാവ് അള്ളാംകുളം മഹ് മൂദ്, കൊളച്ചേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മുസ്തഫ കൊടിപ്പൊയില്‍, വനിതാ ലീഗ് മുന്‍ നേതാവും കൊളച്ചേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എന്‍ പി ഹഫ്‌സത്ത് തുടങ്ങി 10 പേര്‍ക്കെതിരേ കേസെടുക്കാനാണ് വിജിലന്‍സ് നിര്‍ദേശിച്ചിരുന്നത്.

സൊസൈറ്റി ഡയറക്ടറും സംഘവും 2013 ഏപ്രില്‍ ഒന്നുമുതല്‍ 2015 മാര്‍ച്ച് 31 വരെയുള്ള കാലത്ത് മണലെടുപ്പിലൂടെ 42,91,164 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പ്രാഥമിക നിഗമനം. ലീഗ് പ്രവര്‍ത്തകരായ മണല്‍ത്തൊഴിലാളികളെ വഞ്ചിച്ച് ക്രമക്കേട് നടത്തിയെന്നതാണ് പ്രതിഷേധത്തിനു കാരണമായതെന്നാണു സൂചന. 

Tags:    

Similar News