മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; 17 ലക്ഷം രൂപ കണ്ടെത്തി

പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലുമായി സൂക്ഷിച്ച 17 ലക്ഷം രൂപയാണ് വിജിലന്‍സ് കണ്ടെത്തിയത്

Update: 2021-12-16 07:15 GMT

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോട്ടയം ജില്ലാ എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ എഎം ഹാരിസിന്റെ ഫ്‌ളാറ്റില്‍ വിജിലന്‍സ് റെയ്ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ വിജിലന്‍സ് കണ്ടെത്തി.ഒരു റെയ്ഡില്‍ ഇത്രയും നോട്ടുകെട്ടുകള്‍ കണ്ടെത്തുന്നത് ഇത് ആദ്യമായാണെന്ന് വിജിലന്‍സ് സംഘം പറഞ്ഞു.

കോട്ടയത്തെ വ്യവസായിയില്‍ നിന്ന് കാല്‍ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ഹാരിസ് അറസ്റ്റിലായത്.ബുധനാഴ്ച ഉച്ചയോടെയാണ് ഹാരിസിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചു. ഇതിന് പിന്നാലെയാണ് വിശദമായ അന്വഷണത്തിലേക്ക് വിജിലന്‍സ് കടന്ന്ത്. തുടര്‍ന്ന് വിജിലന്‍സ് സംഘം ഹാരിസിന്റെ ആലുവയിലെ ആഢംബര ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയപ്പോഴാണ് പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലുമൊക്കെയായി സൂക്ഷിച്ച 17 ലക്ഷം രൂപ കണ്ടെത്തിയത്.രണ്ട് ബാങ്കുകളിലായി 18 ലക്ഷം രൂപയുടെ നിക്ഷേപം, ജര്‍മ്മനി, റഷ്യ, ദുബായ്, പട്ടായ അടക്കമുള്ള പത്ത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച രേഖകള്‍, ഒരു ലക്ഷം രൂപയുടെ ഹോം തിയേറ്റര്‍, രണ്ടുലക്ഷം രൂപയുടെ ടിവി തുടങ്ങിയവ ഫ്‌ളാറ്റില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്തു.80 ലക്ഷം രൂപ വിലമതിക്കുന്ന ഫഌറ്റിലാണ് ഹാരിസ് താമസിക്കുന്നത്.ഇതിനു പുറമേ തിരുവനന്തപുരത്ത് 2000 ചതുരശ്ര അടിയുള്ള വീടും, പന്തളത്ത് 33 സെന്റ് സ്ഥലവുമുണ്ടെന്നും കണ്ടെത്തി.

ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.ഇതേ ആവശ്യത്തിന് കൈക്കൂലി ചോദിച്ച മുന്‍ ജില്ലാ ഓഫിസര്‍ ജോസ്‌മോന്‍ കേസില്‍ രണ്ടാം പ്രതിയാണ്.ആറുമാസം മുമ്പാണ് ഹാരിസ് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസറായി കോട്ടയത്ത് എത്തിയത്. ഇതിനിടയില്‍ തന്നെ വ്യാപകമായി കൈക്കൂലി ആരോപണമുയര്‍ന്നിരുന്നു.ഹാരിസിനെ ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Tags:    

Similar News