വീണ്ടും വിജയരാഘവന്‍: സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് ലീഗ് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് ആരോപണം
തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരേ വീണ്ടും വര്‍ഗ്ഗീയാരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. സാമ്പത്തിക സംവരണത്തിനെതിരെ ലീഗ് സമരരംഗത്തിറങ്ങി സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി. സാമ്പത്തിക സംവരണത്തിനെതിരെ ലീഗ് സമര രംഗത്തിറങ്ങുകയും മറ്റു സമുദായ സംഘടനകളെ രംഗത്തിറക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചത്. സാമ്പത്തിക സംവരണം യുഡിഎഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുവര്‍ഗീയതയെ എതിര്‍ക്കാന്‍ എന്ന പേരില്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടുത്തുന്നത് ബിജെപിക്ക് കരുത്ത് പകരുമെന്നും ചോദ്യംചോദിച്ചവരെ വര്‍ഗീയവാദികളായി മുദ്രകുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'ജമാഅത്തെ ഇസ്ലാമി മതന്യൂനപക്ഷ ജനവിഭാഗങ്ങള്‍ കൂടുതലായി ഇടതുപക്ഷത്തോടടുക്കുന്നത് ഇഷ്ടപ്പെടുന്നില്ല. മതനിരപേക്ഷത ശക്തിപ്പെടുന്നതിനെ അവര്‍ ഭയപ്പെടുന്നു. ബിജെപി കേന്ദ്രാധികാരത്തെ ഉപയോഗപ്പെടുത്തി ഹിന്ദുത്വവര്‍ഗീയത ശക്തിപ്പെടുത്തുമ്പോള്‍ ന്യൂനപക്ഷവര്‍ഗീയത ശക്തിപ്പെടുത്താനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. ബിജെപിയെ സഹായിക്കുന്ന അപകടകരമായ നിലപാടാണ് ഇത്. ഇതിനെയാണ് സിപിഎം വിമര്‍ശിക്കുന്നത്. അത് 'വര്‍ഗീയയവാദ'മാണെന്ന് വ്യാഖ്യാനിക്കുന്നവര്‍ മലയാളിയുടെ ബോധനിലവാരത്തെ പുച്ഛിക്കുകയാണെന്നും' വിജയരാഘവന്‍ പറയുന്നു. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രീയവാദത്തിന് ബദല്‍ എന്നോണം മുസ്‌ലിം രാഷ്ട്രവാദം ഉയര്‍ത്തുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്നും അവരുമായി ഒരുതരത്തിലുള്ള ബന്ധത്തിനും സിപിഎം തയ്യാറല്ലെന്നും വിജയരാഘവന്‍ ലേഖനത്തില്‍ പറയുന്നു.