യുവതിയെ ചുമരില്‍ തലയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുടുങ്ങിയത് മക്കളുടെ മൊഴിയില്‍
വിനീഷയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുന്നിതിനിടെ തല പിടിച്ച് ചുമരിലിടിക്കുകയായിരുന്നു. കുഴഞ്ഞുവീണ് മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിനീഷ മരണപ്പെട്ടിരുന്നു.
മലപ്പുറം: മഞ്ചേരി കൂമംകുളത്ത് യുവതി വീണുമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ കുടുക്കിയത് മക്കളുടെ മൊഴി. അഛന്‍ അമ്മയെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും അഛന്‍ അമ്മയുടെ തല പിടിച്ച് ചുമരിലിടിച്ചപ്പോള്‍ വീണ് മൂക്കില്‍ നിന്നും രക്തം വന്നുവെന്നും മക്കള്‍ പോലിസിനോട് പറഞ്ഞതോടെയാണ് കളത്തിങ്ങല്‍ പ്രസാദിന്റെ ഭാര്യ വിനിഷയുടെ(30)മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം മലപ്പുറത്തു നിന്ന് ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തെത്തി വിശദമായി നടത്തിയ പരിശോധനയില്‍ കൊലപാതകം വ്യക്തമാകുക കൂടി ചെയ്തു. അയല്‍വാസികളില്‍ നിന്ന് മൊഴിയെടുത്തപ്പോഴും പ്രസാദ് വിനീഷയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് പോലീസിന് വ്യക്തമായി.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിക്കാണ് വിനീഷ മംഗലശ്ശേരിയിലെ വീട്ടില്‍ കൊല്ലപ്പെട്ടത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായ ഭാര്യയെ കുറിച്ചുള്ള സംശയത്തിന്റെ പേരിലാണ് പ്രസാദ് സംഭവ ദിവസവും വഴക്കുണ്ടാക്കിയത്. വിനീഷയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുന്നിതിനിടെ തല പിടിച്ച് ചുമരിലിടിക്കുകയായിരുന്നു. കുഴഞ്ഞുവീണ് മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിനീഷ മരണപ്പെട്ടിരുന്നു. മകളുടെ മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാണിച്ച് പിതാവ് മഞ്ചേരി സിഐയോട് പരാതി ഉന്നയിച്ചിരുന്നു.
പതിനൊന്നു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ വൈഗ (9) , ആദിദേവ് (5), കിച്ചു (രണ്ടര) എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. സിഐ സി അലവി അറസ്റ്റ് ചെയ്ത പ്രസാദിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 304 പ്രകാരം കുറ്റകരമായ നരഹത്യ നടത്തിയതിനാണ് കേസ്