വിനോദിന്റെ ജീവനെടുത്തത് പുതിയ വീട്ടിൽ താമസം തുടങ്ങി 7ാം നാൾ; വേദന താങ്ങാനാവാതെ മാതാവ്
കൊച്ചി: ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തില്‍ ട്രെയിനില്‍ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയപ്പോള്‍ പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷകള്‍. പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് വിനോദിന് റെയില്‍വേയില്‍ ജോലി ലഭിച്ചത്. ഏറെ കാത്തിരുന്ന നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശം നടത്തി ഏറെ നാള്‍ കഴിയും മുന്നെയാണ് ദാരുണ സംഭവം വിനോദിന്റെ ജീവനെടുത്തത്. റെയില്‍വേയിലെ ജോലി വിനോദിന് ഉപജീവനമായിരുന്നു. സിനിമയിലെ അഭിനയം സ്വപ്നവും. ആ സ്വപ്നത്തിലേക്കുള്ള യാത്രക്കിടെയാണ് രജനീകാന്ത എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂരത വിനോദിന്റെ ജീവനെടുത്തത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ ചെറുവേഷങ്ങളിലെത്തിയ വിനോദ് കരുത്തുള്ള ഒരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. അതിനിടെയാണ് മദ്യലഹരിയില്‍ ഒരാള്‍ നടത്തിയ അതിക്രമം ആ ജീവന്‍ കവര്‍ന്നത്.
തിരുവനന്തപുരം സ്വദേശിയായ വിനോദ്, എറണാകുളം മഞ്ഞുമ്മലില്‍ പുതിയ വീട്ടില്‍ താമസം തുടങ്ങിയത് കഴിഞ്ഞ മാസം 27നാണ്. സഹപ്രവര്‍ത്തകരെയെല്ലാം ഗൃഹപ്രവേശനത്തിന് വിളിച്ചിരുന്നു. അപ്രതീക്ഷിത ദുരന്തം വിനോദിന്റെ ജീവനെടുക്കുമ്പോള്‍ ആ വീടിന്റെ സുരക്ഷിതത്വത്തില്‍ ഒന്നും അറിയുന്നുണ്ടായിരുന്നില്ല ആ മാതാവ്. റെയില്‍വേ ജീവനക്കാരത്തെി സൂചന നല്‍കും വരെ. എല്ലാവരുമായും നല്ല രീതിയില്‍ ഇടപഴകിയിരുന്ന വിനോദിന്റെ മരണം മാതാവിനെ തളര്‍ത്തി. സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വേദന താങ്ങാവുന്നതിലുമധികം.
സര്‍വീസിലിരിക്കെ മരിച്ച പിതാവിന്റെ ജോലിയാണ് വിനോദിനെ തേടിയെത്തിയത്. മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന വിനോദ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ടിക്കറ്റ് ചെക്കിംഗ് വിഭാഗത്തിലേക്ക് മാറിയത്. ഒടുവില്‍ ആ ജോലി തന്നെ, വിനോദിന് മടക്കമില്ലാത്ത യാത്രയ്ക്ക് ടിക്കറ്റ് നല്‍കി. മൃതദേഹം ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അറസ്റ്റിലായ പ്രതി രജനീകാന്തയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനും ആലോചിക്കുന്നുണ്ട്. ഇന്നലെ രാത്രി പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയക്ക് വിധേയനാക്കിയ പ്രതിയെ തൃശ്ശൂരില്‍ എത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി എഴരയോടെയാണ് എറണാകുളംപറ്റ്‌ന എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതി, ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളി താഴെയിട്ടത്. പാളത്തില്‍ വീണ വിനോദിന്റെ ശരീരത്തിലൂടെ എതിര്‍ ദിശയില്‍ വന്ന ട്രെയിന്‍ കയറുകയായിരുന്നു.