കൊവിഡ് പ്രോട്ടോകോള്‍ ലംഘനം; മാനന്തവാടി ബിവറേജ് ഔട്‌ലറ്റ് അടച്ചു പൂട്ടണം: എസ് ഡി പി ഐ
മാനന്തവാടി:ജില്ലയില്‍ അനുദിനം കൊവിഡ് ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും എല്ലാ കൊവിഡ് മാനദണ്ഡങ്ങളും ലംഘിച്ച് മാനന്തവാടി ബിവറേജ് ഔട്‌ലറ്റിന് മുന്‍പില്‍ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ ദൈനം ദിനമുണ്ടാകുന്ന ആള്‍ക്കൂട്ടം നിയന്ത്രിക്കണമെന്നും ഈ ഔട്‌ലറ്റ് അടച്ചു പൂട്ടണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രദേശവാസികള്‍ വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വിധം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും നിയന്ത്രണങ്ങള്‍ കൊണ്ട് വന്നിട്ടും ഇവിടെ മാത്രം കുത്തഴിച്ചു വിട്ടിരിക്കുന്നതിനാല്‍ വലിയ വില കൊടുക്കേണ്ടി വരും. അന്യസംസ്ഥാന തൊഴിലാളികളും, പ്രായമായവരും ഉള്‍പ്പെടെയുള്ള നീണ്ട നിരയില്‍ ഏതെങ്കിലും ഒരാള്‍ക്ക് കൊവിഡ് പോസറ്റിവ് ആയാല്‍ നിലവില്‍ ഉള്ളതിനേക്കാള്‍ വലിയ വ്യാപനം ജില്ലയില്‍ ഉണ്ടാകും.
അതിനാല്‍ തന്നെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ പാര്‍ട്ടി ഈ വിഷയം അതീവ ഗൗരവത്തോടെ എടുക്കുകയും ജില്ലാ കലക്ട്ടറുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്യും. നടപടി ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുകയും ചെയ്യുമെന്ന് മണ്ഡലം പ്രസിഡന്റ് എം ടി കുഞ്ഞബ്ദുല്ല, സെക്രട്ടറി നൗഫല്‍ പഞ്ചാരക്കൊല്ലി അറിയിച്ചു.