പേരാമ്പ്രയില്‍ കോണ്‍വെന്റില്‍ അതിക്രമം; 3 പേര്‍ കസ്റ്റഡിയില്‍
തലയാട് രാഘവത്തില്‍ രതീഷ് (29), കക്കയം മുപ്പതാം മൈലില്‍ മുണ്ടക്കല്‍ പറമ്പത്ത് ബിനീഷ് (30) തലയാട് തത്തേടത്ത് അരുണ്‍ (28) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
പേരാമ്പ്ര: പേരാമ്പ്ര-ചെമ്പനോട എംഎസ്എംഐ നിര്‍മല ഭവന്‍ കോണ്‍വെന്റില്‍ രാത്രിയില്‍ മൂന്നംഗ സംഘം അതിക്രമം നടത്തിയതായി പരാതി. മൂന്നു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. തലയാട് രാഘവത്തില്‍ രതീഷ് (29), കക്കയം മുപ്പതാം മൈലില്‍ മുണ്ടക്കല്‍ പറമ്പത്ത് ബിനീഷ് (30) തലയാട് തത്തേടത്ത് അരുണ്‍ (28) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രി 9.40 ഓടെയാണു സംഭവം. തുടരെ കോളിങ് ബെല്ലടിക്കുന്നതു കേട്ട് ഓടിയെത്തിയ കന്യാസ്ത്രീകള്‍ ജനലിലൂടെ നോക്കിയപ്പോള്‍ മൂന്ന് യുവാക്കള്‍ പുറത്തു നില്‍ക്കുന്നതു കണ്ടു.
തങ്ങള്‍ക്കു കൈയില്‍ പരിക്കുണ്ടെന്നും ഇത് വെച്ചുകെട്ടി തരണമെന്നും വാതില്‍ തുറക്കണമെന്നും മദ്യ ലഹരിയിലായിരുന്ന ഇവര്‍ ആവശ്യപ്പെട്ടു. ഇവിടെ സ്ത്രീകള്‍ മാത്രമാണുള്ളതെന്നും സമീപത്തെ വീടുകളില്‍ പോയി സഹായം തേടാനും സിസ്റ്റര്‍മാര്‍ പറഞ്ഞെങ്കിലും യുവാക്കള്‍ ഇത് ചെവിക്കൊള്ളാന്‍ തയാറാവാതെ ഭീഷണി മുഴക്കി. പൂട്ടിയ കോണ്‍വെന്റ് വാതില്‍ തള്ളി തുറക്കാനും ശ്രമിച്ചു. ഇതോടെ കോണ്‍വെന്റ് അധികൃതര്‍ സമീപവാസികളെ വിവരമറിയിച്ചു. നാട്ടുകാര്‍ വരുന്നതു കണ്ട രണ്ട് യുവാക്കള്‍ ഓടി രക്ഷപെട്ടെങ്കിലും പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.