വിസ്മയ കേസ്:കിരണിനെ ജില്ലാ ജയിലിലേക്ക് മാറ്റി;പ്രതീക്ഷിച്ച വിധിയെന്ന് വിസ്മയയുടെ കുടുംബം

306, 498, 498 എ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്

Update: 2022-05-23 07:54 GMT

കൊല്ലം:വിസ്മയ കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി വിധി പുറത്തുവന്നതോടെ പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി.കേസില്‍ കോടതി നാളെ വിധി പറയും.വിധിയില്‍ സന്തോഷമുണ്ടെന്ന് വിസ്മയയുടെ കുടുംബം പ്രതികരിച്ചു.

നിരവധി നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ അനുകൂല വിധിയെന്ന് ഡിവൈഎസ്പി രാജ്കുമാര്‍ പറഞ്ഞു. 306, 498, 498 എ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ള വ്യക്തമാക്കി. വിധിയില്‍ നിരാശയും വിയോജിപ്പുമുണ്ട്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം.എവിഡന്‍സ് ആക്റ്റ് അനുസരിച്ച് ഡിജിറ്റല്‍ മെറ്റീരിയല്‍സ് തെളിവല്ലെന്ന് അവകാശപ്പെട്ട് പ്രതാപചന്ദ്രന്‍ പിള്ള രംഗത്തെത്തിയിരുന്നു. അത് തെളിവാകണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കണമെന്നും നടപടിക്രമങ്ങള്‍ പാലിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

കിരണ്‍ കുമാറിന് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നുവെന്നും വിസ്മയയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.മകള്‍ക്ക് ഉണ്ടായ ദുരനുഭവം ഇനി ആര്‍ക്കും ഉണ്ടാവരുതെന്നാണ് അമ്മ സജിത പ്രതികരിച്ചത്. ഇനിയും നിരവധി തെളിവുകളും ഓഡിയോ ക്ലിപ്പുകളും പുറത്തുവരാനുണ്ടെന്നും അവര്‍ പറഞ്ഞു.

വിധി കേട്ടതിന് ശേഷം നിറകണ്ണുകളോടെയാണ് വിസ്മയയുടെ പിതാവ് കോടതിക്ക് പുറത്തേക്ക് വന്നത്. കേസില്‍ ഫലവത്തായ അന്വേഷം നടത്തിയ പോലിസിനും സര്‍ക്കാരിനും മാധ്യമപ്രവര്‍ത്തകര്‍ക്കും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു. കിരണിന് തക്കതായ ശിക്ഷ നാളെ വിധിക്കും, അത് കേള്‍ക്കാന്‍ കോടതിയിലുണ്ടാവുമെന്നും വിസ്മയയുടെ പിതാവ് പറഞ്ഞു.

ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ 2021 ജൂണ്‍ 21 നായിരുന്നു വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്ത്രീധന പീഡനത്തെ തുടര്‍ന്നായിരുന്നു മരണം.

Tags:    

Similar News