പ്രതീക്ഷിച്ച നീതി ലഭിച്ചില്ല,അപ്പീല്‍ നല്‍കുമെന്ന് വിസ്മയയുടെ മാതാവ്
അതി കഠിനമായ പീഡനങ്ങള്‍ എന്റെ മോള്‍ അനുഭവിച്ചിട്ടുണ്ട്, സ്ത്രീധനം ചോദിച്ചുവരുന്നവരെ മക്കളെ വിവാഹം കഴിപ്പിച്ച് അയക്കരുതെന്നും സജിത പറഞ്ഞു
കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചില്ലെന്ന് വിസ്മയയുടെ മാതാവ് സജിത. ജീവപര്യന്തം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.ഇതിനായി നിയമ പോരാട്ടം തുടരുമെന്നും, മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും വിസ്മയയുടെ മാതാവ്.കിരണ്‍കുമാറിന് പത്ത് വര്‍ഷം കഠിന തടവ് വിധിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.
കേസില്‍ കിരണിന്റെ ബന്ധുക്കളായ കുറ്റക്കാര്‍ വേറെയുമുണ്ട്. ഇനിയൊരു വിസ്മയമാരും സമൂഹത്തില്‍ ഉണ്ടാകരുതെന്ന പ്രാര്‍ഥന മാത്രമേയുള്ളു.അതി കഠിനമായ പീഡനങ്ങള്‍ എന്റെ മോള്‍ അനുഭവിച്ചിട്ടുണ്ട്, സ്ത്രീധനം ചോദിച്ചുവരുന്നവരെ മക്കളെ വിവാഹം കഴിപ്പിച്ച് അയക്കരുതെന്നും സജിത പറഞ്ഞു.
പ്രോസിക്യൂട്ടറും പോലിസ് ഉദ്യോഗസ്ഥരും വേഗത്തില്‍ അന്വേഷിച്ച് സത്യം കണ്ടെത്തി. അതിന് അവരോട് നന്ദി പറയുന്നുവെന്നും സജിത പറഞ്ഞു. വേഗത്തില്‍ ശിക്ഷ നടപ്പാക്കിയത് സമൂഹത്തിന് ഒരു മാതൃകാപരമായ സൂചനയാണ്. അതില്‍ സര്‍ക്കാരിനോടും മാധ്യമപ്രവര്‍ത്തകരോടും നന്ദി പറയുന്നു. കേസില്‍ കൂടുതല്‍ ശിക്ഷ കിരണിന് കിട്ടാനായി ഏതറ്റം വരെ പോകാനാവുമോ അതുവരെ പോകുമെന്നും സജിത പറഞ്ഞു.
എന്നാല്‍ വിധിയില്‍ തൃപ്തനാണെന്നായിരുന്നു വിസ്മയയുടെ പിതാലിന്റെ പ്രതികരണം.ഈ കേസിന്റെ നെടുംതൂണായി നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും, പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും, മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു.സര്‍ക്കാരിനെ ഒരു കാരണവശാലും മറക്കാന്‍ കഴിയില്ല. എന്ത് സഹായവും ചെയ്ത് തരാമെന്ന് മുഖ്യമന്ത്രിയും മന്ത്രി ആന്റണി രാജുവും പറഞ്ഞുവെന്നും വിസ്മയയുടെ പിതാവ് പറഞ്ഞു.
വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കമാറിന് 10 വര്‍ഷം തടവാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.മൂന്ന് വകുപ്പുകളിലായി 18 വര്‍ഷമാണ് ശിക്ഷ. ഐപിസി 304, പത്ത് വര്‍ഷം തടവുശിക്ഷ, 306 ആറു വര്‍ഷം തടവ്, 498 രണ്ട് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. ഇതിന് പുറമേ പന്ത്രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷയിലുണ്ട്. രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കും.
നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. 2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.
2020 മെയ് 30 നാണ് വിയ്മയയും കിരണും വിവാഹിതരായത്.സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.