വിഴിഞ്ഞം പദ്ധതി;അദാനി ഗ്രൂപ്പിന്റെ ഹരജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
മറുപടി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. ഹരജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യ ഹരജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. തുറമുഖ നിര്‍മ്മാണത്തിന് പോലിസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്തായിരുന്നു ഹരജി നല്‍കിയത്. മറുപടി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. ഹരജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.
വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലിസ് സംരക്ഷണം നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേരള പോലിസിന് സംരക്ഷണം കൊടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പദ്ധതി തടസപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. നിര്‍മ്മാണം തടപ്പെടാത്ത രീതിയിലാകണം പ്രതിഷേധമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ സര്‍ക്കാരിനായില്ലെന്നും, തുറമുഖ നിര്‍മ്മാണം നിലച്ചുവെന്നും ഹരജിയില്‍ പറയുന്നു.