വിഴിഞ്ഞം തുറമുഖത്തെ വന്‍കിട തുറമുഖ നഗരമാക്കും; 60,000 കോടിയുടെ വികസന പദ്ധതി
തിരുവനന്തപുരം: വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാന തുറമുഖങ്ങളുടെ മാതൃകയില്‍ വന്‍ വികസന പദ്ധതികള്‍ തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സിഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം തുറമുഖത്തെ മാറ്റും. ഇന്ത്യക്കും സമീപരാജ്യങ്ങള്‍ക്കും ചരക്കുകള്‍ കൈമാറുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട തുറമുഖമാണ് വിഴിഞ്ഞം. വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടുമുള്ള മേഖലയില്‍ വിപുലമായ വാണിജ്യവ്യവസായ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം തേക്കട വഴി ദേശീയപാത 66ലെ നവായിക്കുളം വരെ 63 കിലോമീറ്റര്‍ റിങ് റോഡ് നിര്‍മിക്കും. ഒപ്പം തേക്കട മുതല്‍ മംഗലപുരം വരെ 12 കിലോമീറ്റര്‍ ഉള്‍ക്കൊള്ളുന്ന റിങ് റോഡ് നിര്‍മിക്കും.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായിക ഇടനാഴിയായി മാറ്റിയെടുക്കും. ഇതിനു ചുറ്റുമായി വ്യവസായിക വാണിജ്യകേന്ദ്രങ്ങളും വിപുലമായ താമസ സൗകര്യങ്ങളുമുള്‍പ്പെടെയുള്ള ടൗണ്‍ഷിപ്പുകളുടെ ശൃംഖല രൂപീകരിക്കും. 5000 കോടി ചെലവുവരുന്ന വ്യവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 1,000 കോടി രൂപ വകയിരുത്തി. വ്യവസായിക കേന്ദ്രങ്ങളുടെ ഇരുവശങ്ങളിലും അതിവസിക്കുന്ന ജനങ്ങളെ കൂടി പങ്കാളികളാക്കി വ്യവസായ പാര്‍ക്കുകള്‍, ലോജിസ്റ്റിക്ക് സെന്ററുകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ വികസിപ്പിക്കും. ലാന്‍ഡ് പൂളിങ് സംവിധാനങ്ങളും പിപിപി വികസനമാര്‍ഗങ്ങളും ഉള്‍പ്പെടുത്തി 60000കോടി രൂപയുടെ വികസനങ്ങള്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.