വിഴിഞ്ഞം സമരം 15ാം ദിനത്തിലേക്ക്; മന്ത്രിതല ഉപസമിതി ചര്‍ച്ച ഇന്ന്

Update: 2022-08-30 01:52 GMT
വിഴിഞ്ഞം സമരം 15ാം ദിനത്തിലേക്ക്; മന്ത്രിതല ഉപസമിതി ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരം 15ാം ദിവസത്തിലേക്ക് കടന്നു. മന്ത്രിതല ഉപസമിതി സമരസമിതി നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. പോലിസ് മര്‍ദ്ദിച്ചെന്നാരോപിച്ച് പ്രക്ഷേധക്കാര്‍ നടത്തിവന്ന നിരാഹാര സമരം ഇന്നലെ രാത്രി അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്. തുറമുഖ നിര്‍മാണ കേന്ദ്രത്തിന് അകത്തുകയറി പ്രതിഷേധിക്കാനാണ് ഇന്നും സമരസമിതിയുടെ തീരുമാനം.

സമരക്കാരുമായി മന്ത്രിതല ഉപസമിതി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഞ്ഞായറാഴ്ച ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അറിയിച്ചില്ലെന്ന് കാട്ടി സമരസമിതി നേതാക്കള്‍ ചര്‍ച്ചയ്ക്ക് എത്തിയിരുന്നില്ല. തുറമുഖ നിര്‍മാണം നിരത്തിവയ്ക്കാന്‍ കഴിയില്ലെന്ന നിലപാട് മന്ത്രിമാര്‍ സമരക്കാരെ ധരിപ്പിക്കും. മറ്റ് ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പില്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തി സമരം പാടില്ലെന്ന് ഉത്തരവിട്ട ഹൈക്കോടതി, കേസ് 31ന് വീണ്ടും പരിഗണിക്കും.

കോടതി നിലപാട് കൂടി അറിഞ്ഞ ശേഷമായിരിക്കും തുടര്‍സമരപരിപാടികള്‍. സമരത്തിനെത്തിയ തൊഴിലാളികള്‍ക്ക് ഭക്ഷണം കൊണ്ടുപോവുന്നത് പോലിസുകാര്‍ തടസ്സപ്പെടുത്തിയെന്നും വൈദികര്‍ അടക്കമുള്ള പ്രതിഷേധക്കാരെ പോലിസ് മര്‍ദ്ദിച്ചെന്നാരോപിച്ചാണ് സമരസമിതി ഇന്നലെ നിരാഹാര സമരം ആരംഭിച്ചത്. സമരസമിതി പരാതി നല്‍കിയ പോലിസുകാരെ വിഴിഞ്ഞത്തു നിന്നും മാറ്റാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

അതേസമയം, പരാതി വന്ന പോലിസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെയാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സമരസമിതി കണ്‍വീനര്‍ ഫാ. തിയഡോഷ്യസ് ഡിക്രൂസിന്റെ നേതൃത്വത്തില്‍ വൈദികരും അല്‍മായരും ഉള്‍പ്പെടെ ആറുപേര്‍ തുറുമുഖ കവാടത്തിനു മുന്നിലാണ് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തിയത്. തങ്ങള്‍ മുന്നോട്ടുവച്ച ഏഴിന ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്നാണ് സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നത്.

Tags:    

Similar News