മധുരപ്രതികാരവുമായി പാലക്കാട് എംപി; വി കെ ശ്രീകണ്ഠന് ഇനി 'പുതിയ മുഖം'
താടി എടുക്കുന്നില്ലെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമായി താടി വടിച്ചെത്തിയ എംപിക്കൊപ്പമുള്ള സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ. ശ്രീകണ്ഠന്റെ പ്രതികാരം എന്ന തലക്കെട്ടോടെയാണ് ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്.
പാലക്കാട്: തന്റെ മുഖമുദ്രയായിരുന്ന താടി എടുത്ത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രതിജ്ഞ നിറവേറ്റിയിരിക്കുകയാണ് പാലക്കാട് എം പി വി കെ ശ്രീകണ്ഠന്‍. സിപിഎമ്മിനെ പരാജയപ്പെടുത്താതെ ഇനി താന്‍ താടി എടുക്കില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീകണ്ഠന്‍ പ്രതിജ്ഞ ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എം ബി രാജേഷിനെ പരാജയപ്പെടുത്തിയതോടെ ആ പഴയ താടി പ്രതിജ്ഞ വീണ്ടും പൊന്തിവരികയായിരുന്നു.
താടി എടുക്കുന്നില്ലെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമായി താടി വടിച്ചെത്തിയ എംപിക്കൊപ്പമുള്ള സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ. ശ്രീകണ്ഠന്റെ പ്രതികാരം എന്ന തലക്കെട്ടോടെയാണ് ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. ഷൊര്‍ണൂര്‍ എസ്എന്‍ കോളജിലെ പഠന സമയത്ത്് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍ ഒരാള്‍ സോഡാക്കുപ്പി പൊട്ടിച്ച് ശ്രീകണ്ഠന്റെ മുഖത്ത് കുത്തിയിരുന്നു. ഇടതു കവിള്‍ തുളച്ച് വായ്ക്കുള്ളില്‍ വരെയെത്തി. 13 തുന്നലുകളാണ് അന്നു ശ്രീകണ്ഠന്റെ കവിളത്ത് ഇടേണ്ടിവന്നത്.
അന്ന് മുഖത്ത് വലിയ മുറിവ് വന്നു. ആളുകളോട് മറുപടി പറയുന്നത് ഒഴിവാക്കാന്‍ താടി വളര്‍ത്തി. ആ താടി പിന്നീട് അനുഗ്രഹമായി. ചിലര്‍ സ്‌റ്റൈലാണെന്ന് പറഞ്ഞു. പിന്നീട് ഈ മുറിവെല്ലാം മാറാനും ഇതുപകരിച്ചു. താടി വളര്‍ത്തുന്നതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ പറഞ്ഞത്, ഒരിക്കല്‍ താന്‍ താടിയെടുക്കും, സിപിഎം പരാജയപ്പെടുമ്പോഴായിരിക്കും അതെന്ന് ശ്രീകണ്ഠന്‍ പ്രഖ്യാപിച്ചു. ആ പ്രതിജ്ഞയാണ് ശ്രീകണ്ഠന്‍ ഇപ്പോള്‍ പാലിച്ചിരിക്കുന്നത്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി ജയങ്ങളിലൊന്നായിരുന്നു പാലക്കാട്ടെ വി കെ ശ്രീകണ്ഠന്റേത്. സിറ്റിങ് എംപി എം ബി രാജേഷിനെ 11,637 വോട്ടിനാണ് ശ്രീകണ്ഠന്‍ തോല്‍പ്പിച്ചത്.