വോട്ടിനായി മോദിയുടെ തന്ത്രങ്ങള്‍; അരമണിക്കൂറില്‍ 16 ട്വീറ്റും ബനിയന്‍ കച്ചവടവും

Update: 2019-03-25 13:48 GMT

ന്യൂഡല്‍ഹി: ഏതുവിധേനയും പ്രധാനമന്ത്രി കസേരയില്‍ വീണ്ടും വരണമെന്ന ആഗ്രഹത്തോടെ മോദി ഇപ്പോള്‍ തുന്നുന്നത് കുപ്പായമല്ല. ബനിയനാണ്. എന്താ വിശ്വാസം വരുന്നില്ലേ...? എന്നാല്‍ ചൗക്കീദാര്‍ നരേന്ദ്രമോദിയെന്ന മോദിയുടെ ഒഫീഷ്യല്‍ ട്വിറ്ററില്‍ അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത് നോക്കിയാല്‍ മതി. മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്ന മേം ബി ചൗക്കീദാര്‍ എന്ന് ആലേഖനം ചെയ്ത ബനിയന്‍ വില്‍ക്കുന്നതിനെപ്പറ്റിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.


ഈ ബനിയനുകള്‍ ആളുകള്‍ ഉപയോഗിക്കണമെന്നും തങ്ങളുടെ പിന്തുണ ഇതിലൂടെ അറിയിക്കണമെന്നുമാണ് അദ്ദേഹം അഭ്യര്‍ഥിക്കുന്നത്. നമോ മെര്‍ക്കന്‍ഡൈസ് എന്ന് ട്വിറ്റര്‍ അക്കൗണ്ടാണ് മോദി റീട്വീറ്റ് ചെയ്തിരിക്കുന്നത്.

കൂടാതെ അരമണിക്കൂറിനുള്ളില്‍ രാജ്യത്തെ പ്രധാനമന്ത്രി വോട്ട് തേടി ട്വീറ്റ് ചെയ്തിരിക്കുന്നത് 16ലധികം തവണയാണ്. അതും പ്രമുഖരായ കലാകാരന്‍മാര്‍ക്കും അത്‌ലറ്റുകള്‍ക്കും മുമ്പില്‍.ബോളിവുഡ് നടന്‍മാരായ ഹൃതിക് റോഷന്‍, അനുപം ഖേര്‍, കബീര്‍ ബേഡി, മാധവന്‍, അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍, മാധുരി ദീക്ഷിത്ത്, മധൂര്‍ ബന്‍ധാര്‍ക്കര്‍,രാജ്കുമാര്‍ റാവു തുടങ്ങിയവര്‍ക്കാണ് വോട്ട്കര്‍ എന്ന ഹാഷ്ടാഗില്‍ അരമണിക്കൂറിനുള്ളില്‍ തന്നെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് മോദി ട്വീറ്റ് ചെയ്തത്. എക്കണോമിക്‌സ് ടൈംസാണ് ഇത് റിപോര്‍ട്ട് ചെയ്തത്. അതേസമയം, മോദിയുടെ ബനിയന്‍ കച്ചവട പ്രമോഷനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് നടക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന പദവി അദ്ദേഹം മറന്നിരിക്കുന്നുവെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് നടക്കുന്നത്.




Similar News