വോട്ടുയന്ത്ര പരിശോധന: കമ്മീഷന് ലഭിച്ചത് എട്ട് അപേക്ഷകള്‍

Update: 2024-06-21 06:05 GMT

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടുയന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയമുന്നയിച്ച് സാങ്കേതിക പരിശോധനക്കായി തിരഞ്ഞെടുപ്പ് കമീഷന് ലഭിച്ചത് എട്ട് അപേക്ഷകള്‍. തിരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയ വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാണ് കമീഷനെ സമീപിച്ചത്. മഹാരാഷ്ട്രയിലെ അഹ്മദ് നഗറില്‍ ശരത്പവാര്‍ വിഭാഗം എന്‍സിപിയോട് തോറ്റ പ്രമുഖ ബിജെപി നേതാവ് സുജയ് വിഖേ പാട്ടീലും അപേക്ഷകരില്‍ ഉള്‍പ്പെടും.

വോട്ടുയന്ത്രത്തിനുപകരം ബാലറ്റിലേക്ക് തിരിച്ചുപോകണമെന്ന ഹരജി തള്ളിക്കൊണ്ടുള്ള സുപ്രിംകോടതിയുടെ ഏപ്രില്‍ 26ലെ ചരിത്ര വിധിയിലാണ്, തിരഞ്ഞെടുപ്പ് ഫലത്തില്‍ സംശയമുന്നയിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് സാങ്കേതിക പരിശോധനക്ക് അനുമതി നല്‍കിയത്. രണ്ടാമതോ മൂന്നാമതോ എത്തിയ സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ വോട്ടുയന്ത്രത്തിലെ ബേണ്‍ഡ് മെമ്മറി സെമികണ്‍ട്രോളര്‍ പരിശോധന നടത്താമെന്നായിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്. ഒരു ലോക്‌സഭ മണ്ഡലത്തിലെ ഓരോ നിയമസഭയിലെയും അഞ്ച് ശതമാനം വരെ ബേണ്‍ഡ് മെമ്മറി സെമി കണ്‍ട്രോളര്‍ പരിശോധനക്കാണ് കോടതി അനുവാദം നല്‍കിയത്. ഫലം വന്ന് ഒരാഴ്ചക്കുള്ളില്‍ അപേക്ഷിക്കണമെന്നും ഇതിനുള്ള ചെലവ് സ്ഥാനാര്‍ഥികള്‍ തന്നെ വഹിക്കണമെന്നും കോടതി നിഷ്‌കര്‍ഷിച്ചിരുന്നു. ഒരൊറ്റ ഇവിഎം പരിശോധനക്ക് നിലവിലെ സാഹചര്യത്തില്‍ 47,200 രൂപ സ്ഥാനാര്‍ഥി അടക്കണം.

Tags:    

Similar News