വഖ്ഫ് നിയമഭേദഗതി പിന്‍വലിക്കണം; പ്രമേയം പാസാക്കി കേരളം

താനൂര്‍ എംഎല്‍എ വി അബ്ദുറഹ്‌മാന്‍ ആണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്

Update: 2024-10-14 11:47 GMT

തിരുവനന്തപുരം: 2024 വഖ്ഫ് ഭേദഗതി ബില്ല് പിന്‍വലിക്കണമെന്ന പ്രമേയം ഐകകണ്‌ഠ്യേന പാസാക്കി നിയമസഭ. വഖ്ഫുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതും ഭരണഘടനയുടെ ഫെഡറല്‍ തത്ത്വങ്ങള്‍ ലംഘിക്കുന്നതും ജനാധിപത്യത്തിന്റെ ലംഘനവുമാണ് ഭേദഗതി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രമേയാവതരണം. താനൂര്‍ എംഎല്‍എ വി അബ്ദുറഹ്‌മാന്‍ ആണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം സഭയിലെ മറ്റ് അംഗങ്ങള്‍ പിന്താങ്ങി.

പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കേന്ദ്രം ലോക്‌സഭയില്‍ വഖ്ഫ് ഭേദഗതി ബില്ല് അവതരിപ്പിച്ചത്. ന്യൂനപക്ഷങ്ങളുടെ സര്‍വ സ്വാതന്ത്ര്യവും ഹനിക്കുന്ന വിധത്തില്‍ അവതരിപ്പിച്ച ബില്ല് തികച്ചും ഭരണഘടനയുടെ ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനം കൂടിയായിരുന്നു. 1995 ല്‍ കൊണ്ടുവന്ന നിയമത്തിലെ 44 വകുപ്പുകളിലാണ് ഈ ഭേദഗതിയിലൂടെ കേന്ദ്രം മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നത്. വഖ്ഫിന്റെ അധികാരത്തെ പൂര്‍ണമായും ബാധിക്കുന്ന തരത്തിലാണ് പുതിയ ഭേദഗതി. പ്രധാനമായും മൂന്ന് പുതിയ വ്യവസ്ഥകളാണ് ഭേദഗതി പറയുന്നത്. വകുപ്പ് 3 എ ആണ് ഒന്നാമത്. സ്വത്തിന്റെ നിയമാനുസൃത ഉടമ അത്തരം സ്വത്ത് കൈമാറാന്‍ കഴിവില്ലാത്തയാളാണെങ്കില്‍ അത്തരത്തില്‍ സ്വത്ത് കൈമാറ്റം ചെയ്യരുത്. ചുരുക്കത്തില്‍ ഒരു വ്യക്തിയുടേതല്ലാത്ത സ്വത്ത് വഖഫ് ചെയ്യാന്‍ പാടില്ല എന്നാണ് ഈ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്.

രണ്ടാമത് 'ഈ നിയമം ഉണ്ടാവുന്നതിന് മുമ്പോ ശേഷമോ വഖ്ഫ് സ്വത്തായി തിരിച്ചറിയുകയോ പ്രഖ്യാപിക്കുകയോ ചെയ്യുന്ന സര്‍ക്കാര്‍ സ്വത്ത് വഖഫ് സ്വത്തായി കണക്കാക്കില്ല എന്നതാണ്.

മൂന്നാമതായി, വഖഫ് ആയി നല്‍കിയിട്ടുള്ള ഒരു വസ്തു സര്‍ക്കാര്‍ ഭൂമിയാണോ എന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പ് 3ഇ(2)ആണ്. 'അത്തരത്തിലുള്ള ഏതെങ്കിലും സ്വത്ത് സര്‍ക്കാര്‍ സ്വത്താണോ എന്നതിനെക്കുറിച്ച് എന്തെങ്കിലും ചോദ്യം ഉയര്‍ന്നാല്‍, അത് അധികാരപരിധിയുള്ള കളക്ടറിലേക്ക് റഫര്‍ ചെയ്യുന്നതാണ്. അദ്ദേഹം ഉചിതമെന്ന് തോന്നുന്ന തരത്തിലുള്ള അന്വേഷണം നടത്തുകയും അത്തരം സ്വത്ത് സര്‍ക്കാര്‍ സ്വത്താണോ അല്ലയോ എന്ന് നിര്‍ണയിക്കുകയും സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും,'' ബില്ല് പറയുന്നു. തര്‍ക്കമുണ്ടാകുന്ന സാഹചര്യങ്ങളില്‍ കളക്ടറാണ്, വഖ്ഫ് ട്രിബ്യൂണലല്ല ഈ നിര്‍ണയം നടത്തുക എന്നാണ് ഈ വ്യവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നത്. 'കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ അത്തരം സ്വത്ത് വഖ്ഫ് സ്വത്തായി കണക്കാക്കില്ല' എന്നും നിര്‍ദ്ദിഷ്ട വ്യവസ്ഥയില്‍ പറയുന്നു. ഇതിനര്‍ഥം സര്‍ക്കാര്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതുവരെ, തര്‍ക്കഭൂമിയില്‍ വഖ്ഫിന് നിയന്ത്രണമുണ്ടാകില്ല എന്നാണ്.

സംസ്ഥാനങ്ങളിലെ വഖ്ഫ് ബോര്‍ഡുകളുടെ ഘടനയില്‍ മാറ്റം വരുത്താനും ബില്ല് നിര്‍ദ്ദേശിക്കുന്നുണ്ട്. കൂടാതെ സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെങ്കിലും ഉണ്ടായിരിക്കാനുള്ള അധികാരവും ഭേദഗതിയിലുണ്ട്. ഇങ്ങനെ പൂര്‍ണമായും ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യത്തില്‍ കടന്നുകയറാനുള്ള എന്‍ഡിഎ സര്‍ക്കാറിന്റെ പദ്ധതിയാണ് ഇതെന്ന് ഏത് സാധാരണക്കാരനും മനസിലാകും. കേന്ദ്രത്തിന്റെ ഈ നടപടിക്കതിരെ കേരളം സ്വീകരിച്ച നിലപാട് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്.

Tags:    

Similar News