വഖ്ഫ് നിയമ ഭേദഗതി ബില്ല്; രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധം: പ്രതിപക്ഷം

Update: 2025-02-13 11:09 GMT

ന്യൂഡല്‍ഹി: വഖ്ഫ് നിയമ ഭേദഗതി ബില്ല് രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമെന്ന് എസ്പി എംപി സിയാ ഉര്‍ റഹ്‌മാന്‍ ബാര്‍ക്ക്. ബില്ല് രാജ്യതാല്‍പ്പര്യത്തിന് അനുയോജ്യമല്ലെന്നും പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ഇത് അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ വീണ്ടും എതിര്‍ക്കുമെന്നും ഏതെങ്കിലും വിധത്തില്‍ അവര്‍ അത് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ നീതി ലഭിക്കാന്‍ ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ജെപിസി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ച കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്, തങ്ങള്‍ക്ക് എതിര്‍പ്പുകള്‍ അവതരിപ്പിക്കാന്‍ സമയം ലഭിച്ചില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടി. '655 പേജുള്ള റിപോര്‍ട്ട് വായിക്കാന്‍ ഒരു രാത്രി. ഞങ്ങളുടെ എതിര്‍പ്പുകള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ലായിരുന്നു. മീറ്റിംഗുകളുടെ മിനിറ്റ്‌സ് പരിശോധിച്ചാല്‍, ഓരോ ക്ലോസ് ചര്‍ച്ചയും നടന്നിട്ടില്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. നാമെല്ലാവരും നിരവധി ജെപിസികളുടെ ഭാഗമായിട്ടുണ്ട്, ഓരോ ക്ലോസ് ചര്‍ച്ചയാണ് ഏറ്റവും പ്രധാനം, പക്ഷേ അത് ഒഴിവാക്കപ്പെട്ടു. ആരുടെ സ്വാധീനത്തിലാണ് ചെയര്‍മാന്‍ പ്രവര്‍ത്തിക്കുന്നത്? ഇതില്‍ പ്രതിഷേധിച്ച്, ഇന്ന് ഞങ്ങള്‍ ഒരു വാക്ക്ഔട്ട് നടത്തി'' കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു.

ജെപിസി റിപോര്‍ട്ട് സമര്‍പ്പിച്ച രീതിയില്‍ തൃപ്തനല്ലെന്ന് കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു. നിയമം അനുസരിച്ച്, എല്ലാ നിര്‍േദശങ്ങളും ചര്‍ച്ചക്കെടുക്കണം.ആവശ്യമെങ്കില്‍ ഞങ്ങള്‍ ഇക്കാര്യത്തില്‍ ഒരു പ്രിവിലേജ് പ്രമേയം സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വഖ്ഫ് നിയമ ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംപി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി.

Tags:    

Similar News