വാര്‍ഡ് കൗണ്‍സിലറോട് അപമര്യാദയായി പെരുമാറി: ഉദ്യോഗസ്ഥയ്‌ക്കെതിരേ തിരുവല്ല നഗരസഭ പ്രമേയം പാസാക്കി
കുറ്റപ്പുഴ പിഎച്ച്‌സിയിലെ വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വല്‍സലയെ ചേമ്പറില്‍ വിളിച്ചു വരുത്തി ശാസിക്കാനും യോഗം തീരുമാനിച്ചു. ബുധനാഴ്ചയാണ് പ്രമേയത്തിന് അടിസ്ഥാനമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്.
തിരുവല്ല: നഗരസഭയിലെ 5ാം വാര്‍ഡ് കൗണ്‍സിലര്‍ സബിത സലീമിനോട് അപമര്യാദയായി പെരുമാറിയ കുറ്റപ്പുഴ പിഎച്ച്‌സിയിലെ വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വല്‍സലക്കെതിരേ നഗരസഭാ കൗണ്‍സില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. വല്‍സലയെ ചേമ്പറില്‍ വിളിച്ചു വരുത്തി ശാസിക്കാനും യോഗം തീരുമാനിച്ചു. ബുധനാഴ്ചയാണ് പ്രമേയത്തിന് അടിസ്ഥാനമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്. തന്റെ വാര്‍ഡിലെ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കാത്തത് സംബന്ധിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു കൗണ്‍സിലര്‍ സബിത സലീം. ഒപ്പം വാര്‍ഡ് വികസന സമിതി കണ്‍വീനറും എസ്ഡിപിഐ മണ്ഡലം സെക്രട്ടറിയുമായ സലീം, 5ാം വാര്‍ഡിലെ മുന്‍ കൗണ്‍സിലറും എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ നിസാം എന്നിവരും ഒപ്പമുണ്ടായിരുന്നു.
വാക്‌സിനേഷന്‍ വാര്‍ഡിലെ ജനങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയ്ക്കിടയില്‍ 5ാം വാര്‍ഡില്‍ വാക്‌സിനേഷന്‍ നല്‍കില്ലെന്നും ഉപരോധം നടത്തിക്കോ എന്നു പറഞ്ഞ് എല്‍എച്ച്‌ഐ വല്‍സല സബിത സലീമിനെ അക്ഷേപിച്ചു. ഇത് കൂടുതല്‍ വാക്കുതര്‍ക്കത്തിന് കാരണമായി. 5ാം വാര്‍ഡില്‍ വാക്‌സിനേഷന്‍ കാംപിന്റെ തീയതി നല്‍കാതെ തങ്ങള്‍ പോകില്ലെന്ന് നേതാക്കള്‍ വാശി പിടിച്ചതോടെ ജൂണ്‍ 18ന് വാര്‍ഡില്‍ കാംപ് നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുകയായിരുന്നു. എന്നാല്‍ അതിനിടെ വല്‍സലയുടെ നിര്‍ദ്ദേശപ്രകാരം പുറത്ത് നിന്നും ഇരുപതിലധികം ആളുകള്‍ പിഎച്ച്‌സിയില്‍ എത്തുകയും സബിത സലീമിനെയും എസ്ഡിപിഐ നേതാക്കളേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ കൗണ്‍സിലര്‍ക്കും നേതാക്കള്‍ക്കുമെതിരേ അന്യായമായി കേസ് നല്‍കുകയും ചെയ്തു. വല്‍സലയുടെ ഈ നടപടി ജനങ്ങളില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് അടിയന്തിര യോഗം ചേര്‍ന്ന് കൗണ്‍സില്‍ പ്രമേയം പാസാക്കിയത്.
എല്‍എച്ച്‌ഐ വല്‍സലയ്‌ക്കെതിരേ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി, ജില്ലാ കലക്ടര്‍, ഡിഎംഒ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് സബിതാ സലീം. ആക്രമണം ലക്ഷ്യമിട്ട് പുറത്തു നിന്ന് ആളുകളെ വിളിച്ചു വരുത്തിയ വല്‍സലയ്‌ക്കെതിരേ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
വല്‍സലയ്‌ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും വല്‍സലയുടെ ഭര്‍ത്താവിന്റെ ദുരൂഹമായ ഇടപെടല്‍ അന്വേഷിക്കണമെന്നും എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് സിയാദ് നിരണം ആവശ്യപ്പെട്ടു