മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം; യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Update: 2022-01-31 12:40 GMT

ദുബായ്: യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശക്തിപ്പെട്ടതായി യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി. ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ദുബായില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു യുഎഇ മന്ത്രിയുടെ പരമാര്‍ശം. കൊവിഡ് വെല്ലുവിളികളെ യുഎഇ അതിജീവിച്ചിരിക്കുകയാണ്. വാണിജ്യ വ്യവസായ മേഖലകളില്‍ നൂതനമായ പദ്ധതികളാണ് യുഎഇ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. നൂറു ശതമാനം ഉടമസ്ഥാവകാശം നല്‍കുന്ന നിയമം, ചെക്ക് ക്രിമിനല്‍ കുറ്റമല്ലാതാക്കിയ ഭേദഗതി, ദീര്‍ഘകാല വിസ മുതലായവ യുഎഇയെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ രാജ്യങ്ങളില്‍ ഒന്നാക്കി മാറ്റിയിട്ടുണ്ട്. യുഎഇയില്‍ പുതുതായി 2 ലക്ഷത്തോളം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കപെടാന്‍ പോകുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ ഗുണംചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയും വിശേഷിച്ച് കേരളവും യുഎഇയും തമ്മില്‍ ചരിത്രപരമായ ബന്ധമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ രണ്ടാം വീടാണ് യുഎഇ. യുഎഇയിലെ പുതിയ നിയമങ്ങള്‍ മലയാളികള്‍ അടക്കമുള്ള കച്ചവടക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ചെക്ക് മടങ്ങല്‍ നിയമം ഇതില്‍ പ്രധാനപ്പെട്ടതാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. യുഎഇ സര്‍ക്കാര്‍ മേഖലയില്‍ നിന്നും

സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിക്ഷേപകരെ മുഖ്യമന്ത്രി കേരളത്തിലേക്ക് സ്വാഗതം ചെയ്തു. ഇതിനായി സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സിറ്റിയിലെ നാല്പത്തി ഒന്നാം നിലയിലുള്ള സാമ്പത്തിക വകുപ്പ് കാര്യാലയത്തില്‍ ആയിരുന്നു കൂടിക്കാഴ്ച. ഊഷ്മളമായ സ്വീകരണമായിരുന്നു മുഖ്യമന്ത്രിക്ക് യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി നല്‍കിയത്. കൂടിക്കാഴ്ചക്കെത്തിയ മുഖ്യമന്ത്രി, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, നോര്‍ക്ക വൈസ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂസഫലി, മിര്‍ മുഹമ്മദ് ഐഎഎസ് ഉള്‍പ്പെടെയുള്ളവരെ സ്വീകരിക്കാന്‍ യുഎഇ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തിയിരുന്നു.

സാമ്പത്തിക വകുപ്പ് അണ്ടര്‍ സെക്രട്ടറി ജുമാ മുഹമ്മദ് അല്‍ കൈത്ത്, വാണിജ്യ വിഭാഗം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് അല്‍ നെയിമി, എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

Similar News