സംസ്ഥാനത്തെ ജലജന്യ രോഗങ്ങള്‍ കുറഞ്ഞു; കൊതുകുജന്യ, ജന്തുജന്യ രോഗങ്ങള്‍ വര്‍ധിച്ചു
തിരുവനന്തപുരം: ജലജന്യ രോഗങ്ങള്‍ കുറഞ്ഞു വരുന്നതായും കൊതുകുജന്യ, ജന്തുജന്യ രോഗങ്ങള്‍ വര്‍ധിച്ചതായും ആരോഗ്യവകുപ്പിന്റെ താരതമ്യ പഠനം വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പ് ജില്ലാ സര്‍വേലന്‍സ് ഓഫിസര്‍ ഡോ. എ.ടി. മനോജാണ് ഇത് സംബന്ധിച്ച റിപോര്‍ട്ട് തയ്യാറാക്കിയത്.
മഴ കനക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ പാളിച്ചയുണ്ടാകരുതെന്ന് ആരോഗ്യവകുപ്പ്. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്.
കൊവിഡ് കാലത്തെ മുന്‍കരുതലാണ് ജലജന്യ രോഗങ്ങളെ ചെറുക്കുന്നതിന് സഹായകമായത്. 2020ല്‍ അതിസാരത്തിന് 15,743 പേരാണ് ചികിത്സ തേടിയതെങ്കില്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ 9,729 പേരാണ് അതിസാരവുമായി ബന്ധപ്പെട്ട് ആശുപത്രികളിലെത്തിയത്. പനി ഉള്‍പ്പെടെ കൊവിഡാനന്തരം കുറഞ്ഞിട്ടുണ്ട്. 2018ല്‍ 179,616 പേരും 2019ല്‍ 1,79,969 പേരും പനിബാധിതരായി ആശുപത്രികളില്‍ എത്തിയപ്പോള്‍ 2020ല്‍ 94,706പേരും 2021 ഒക്ടോബര്‍ വരെ 94,720 പേരുമാണ് പനിക്ക് ചികിത്സ തേടിയത്. ഈ വര്‍ഷം ഇതുവരെ പനിക്ക് 91,699 പേര്‍ ഒപിയിലും 3,021 പേര്‍ കിടത്തിചികിത്സയും തേടി.
ജന്തുജന്യ രോഗമായ എലിപ്പനിയെന്ന് സംശയിക്കുന്ന 52പേരാണ് 2020ല്‍ ചികിത്സ തേടിയത്. മൂന്ന് പേര്‍ മരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നില്‍ ഒരാളും മരണപ്പെട്ടു. ഈ വര്‍ഷം രോഗം സംശയിക്കുന്ന 48പേര്‍ ചികിത്സ തേടിയപ്പോള്‍ അതില്‍ രണ്ട് മരണം റിപോര്‍ട്ട് ചെയ്തു. 59 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന 2,885 പേര്‍ 2020ല്‍ ആശുപത്രികളില്‍ ചികിത്സ തേടി. 117 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ആകെ മൂന്ന് പേര്‍ മരണപ്പെട്ടു. ഈ വര്‍ഷം ഒക്ടോബര്‍ 23 വരെയുള്ള കണക്കുകളില്‍ 397 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2104 പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സക്കെത്തിയത്. ആകെ രണ്ട് മരണവും റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ചിക്കുന്‍ഗുനിയ സംശയിക്കുന്ന ഒരു കേസ് മാത്രമാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ ഈ വര്‍ഷം ആറ് പേരില്‍ രോഗം സ്ഥിരീകരിച്ചു. ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളോടെ നാല് പേരും ചികിത്സ തേടി. എന്നാല്‍ മലേരിയ ബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 2020ല്‍ 31 പേരിലാണ് രോഗം കണ്ടെത്തിയത്. ഈ വര്‍ഷം 22 പേരിലാണ് രോഗസ്ഥിരീകരണമുണ്ടായത്.
പനിയുള്‍പ്പെടെയുള്ള സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാന്‍ ശുചിത്വം ഉറപ്പു വരുത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് പ്രധാനം. ചിരട്ടകള്‍, ഉപയോഗ ശേഷം വലിച്ചെറിയുന്ന കുപ്പികള്‍, ടയറുകള്‍, തോട്ടങ്ങളിലെ പാളകള്‍, റബ്ബര്‍ ചിരട്ടകള്‍ തുടങ്ങിയവയിലൂടെയുള്ള കൊതുകുകളുടെ പ്രജനനം തടയണം. മാലിന്യമുക്തമായ അന്തരീക്ഷം ഉറപ്പുവരുത്താന്‍ വീടുകളിലുള്‍പ്പെടെ ശുചീകരണം ഉറപ്പുവരുത്തണം.