ജലജന്യരോഗങ്ങള്‍ക്ക് സാധ്യത; ജല, പരിസര ശുചിത്വം ഉറപ്പാക്കണം

മഞ്ഞപ്പിത്തം, വയറിളക്കം, വയറുകടി എന്നിവ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ജലക്ഷാമം മൂലം ടൈഫോയ്ഡ്, കോളറ എന്നിവയ്ക്കും സാധ്യതയുണ്ട്.

Update: 2019-03-25 14:43 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് മഞ്ഞപ്പിത്തം, വയറിളക്കം, വയറുകടി എന്നിവ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ജലക്ഷാമം മൂലം ടൈഫോയ്ഡ്, കോളറ എന്നിവയ്ക്കും സാധ്യതയുണ്ട്.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വെള്ളം എപ്പോഴും അടച്ചു സൂക്ഷിക്കുക, കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക, കിണറിന് ചുറ്റുമതില്‍ കെട്ടുക, ഇടയ്ക്കിടയ്ക്ക് കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, പാചകത്തിനും കുടിക്കാനും ജലം സംഭരിച്ചിരിക്കുന്ന പാത്രം എപ്പോഴും മൂടി സൂക്ഷിക്കുകയും ആഴ്ചയിലൊരിക്കല്‍ ഉരച്ചു കഴുകി പാത്രം വെയിലത്തുണക്കിയതിനു ശേഷം മാത്രം ജലം സംഭരിക്കുകയും ചെയ്യുക, ചെറുതും വലുതുമായ കുടിവെള്ള പമ്പിങ് സ്റ്റേഷനുകളില്‍ ക്ലോറിനേഷനും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുക, പുറത്തു പോകുമ്പോള്‍ തിളപ്പിച്ചാറിയ ജലം കൈയില്‍ കരുതുക, വഴിയോര കച്ചവട സ്ഥാപനങ്ങളില്‍ തുറന്നു വച്ചിരിക്കുന്ന പാനീയങ്ങള്‍ കുടിക്കാതിരിക്കുക, വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ഐസ് ഉപയോഗിച്ച് ശീതളപാനീയങ്ങള്‍ ഉണ്ടാക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് നല്‍കി.

ആഹാര സാധനങ്ങള്‍ എപ്പോഴും അടച്ചു സൂക്ഷിക്കണം. തുറന്നുവച്ച ആഹാരസാധനങ്ങള്‍ ഉപയോഗിക്കരുത്. പഴകിയതും മലിനമായതുമായ ആഹാരം ഒഴിവാക്കുക. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്ര കാലം നല്‍കുക. കുപ്പിപ്പാല്‍ ഒഴിവാക്കുക. ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. കുഞ്ഞുങ്ങളുടെ കൈയിലെ നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. മലവിസര്‍ജ്ജനത്തിന് ശേഷം കൈ സോപ്പുപയോഗിച്ച് കഴുകുക. തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തരുത്. വീടും പരിസരപ്രദേശവും ശുചിയായി സൂക്ഷിക്കുക. ആഹാരാവശിഷ്ടങ്ങളും ചപ്പുചവറുകളും ശരിയായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. കന്നുകാലി തൊഴുത്തുകള്‍ വീട്ടില്‍ നിന്നും നിശ്ചിത അകലത്തില്‍ നിര്‍മ്മിക്കണം. പൊതുടാപ്പുകള്‍/കിണറുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം.

സംസ്ഥാനത്ത് മഴക്കാലത്തും വേനല്‍ക്കാലത്തും കൂടുതലായി റിപോര്‍ട്ട് ചെയ്യുന്ന വൈറസ് രോഗമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം എ/ഇ വിഭാഗങ്ങള്‍ ആഹാരത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്നു. പനി, തലവേദന, മനംപുരട്ടല്‍ ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് ശരീരത്തിലും കണ്ണിലും മൂത്രത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടാറുണ്ട്. രക്തം, മൂത്രം തുടങ്ങിയവ പരിശോധിക്കുന്നതിലൂടെ രോഗ സ്ഥിരീകരണം നടത്താം. ആരംഭത്തിലെ ചികില്‍സ ലഭ്യമാക്കിയാല്‍ ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാം.

സാല്‍മൊണല്ല ടൈഫി വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയ ആണ് ടൈഫോയ്ഡിന് കാരണം. രോഗിയുടെയോ രോഗവാഹകരുടെയോ മലമൂത്ര വിസര്‍ജ്ജ്യങ്ങളില്‍ നിന്ന് രോഗാണു ആഹാര സാധനങ്ങളിലൂടെയോ കുടിവെള്ളത്തിലൂടെയോ ശരീരത്തില്‍ പ്രവേശിക്കുന്നു. നീണ്ടു നില്‍ക്കുന്നതും കൂടിവരുന്നതുമായ പനി, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ ഇവയാണ് സാധാരണ ലക്ഷണങ്ങള്‍. രക്ത പരിശോധനയിലൂടെ മാത്രമേ രോഗം പൂര്‍ണമായി സ്ഥിരീകരിക്കാനാവൂ. രോഗാണു ശരീരത്തിലെത്തിയാല്‍ ഒന്നു മുതല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ടൈഫോയ്ഡ് രോഗത്തിനെതിരെ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകള്‍ ലഭ്യമാണ്. അതിനാല്‍ രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാവും.

വൈറസ്, ബാക്ടീരിയകള്‍, പരാഗ ജീവികള്‍ (അമീബ, ഗിയാര്‍ഡിയ) തുടങ്ങിയ ജൈവാണുക്കള്‍ കുടിവെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തിലെത്തിയാണ് വയറിളക്കം ഉണ്ടാകുന്നത്. ഏതു വയറിളക്കവും അപകടകാരിയാകാം. വയറിളക്കത്തിന്റെ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങണം. ശരീരത്തില്‍ നിന്ന് 10 ശതമാനത്തില്‍ കൂടുതല്‍ ജലാംശം നഷ്ടപ്പെട്ടാല്‍ അത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം സംഭവിക്കാനിടയുണ്ട്. വയറിളക്കത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഒആര്‍എസ് മിശ്രിതമോ ഉപ്പിട്ട കഞ്ഞിവെള്ളം, മോരിന്‍വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാ വെള്ളം എന്നിവയോ രോഗിക്ക് ഇടവിട്ട് നല്‍കണം. 

Tags:    

Similar News