വയനാട് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ഹോട്ടലുകള്‍ക്ക് രാത്രി 8 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി; അവശ്യ സാധന വില പുതുക്കി നിശ്ചയിച്ചു
ചരക്ക് വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭ്യമാവുന്നില്ലെന്ന പരാതിയിലാണ് നടപടി.
കല്‍പറ്റ: വയനാട് ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെ ഹോട്ടലുകള്‍ക്ക് രാത്രി 8 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി. ചരക്ക് വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭ്യമാവുന്നില്ലെന്ന പരാതിയിലാണ് നടപടി. നേരത്തെ രാവിലെ 7 മുതല്‍ 5 വരെ ആയിരുന്നു പ്രവര്‍ത്തന സമയം. ഹോട്ടലുകള്‍ കൗണ്ടര്‍ വഴി ഭക്ഷണം വിതരണം ചെയ്യാം.അതിനിടെ, വയനാട്ടില്‍ പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ ചില്ലറവില്‍പ്പന വില ജില്ലാ കലക്ടര്‍ പുതുക്കി നിശ്ചയിച്ചു.
കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങളുടെ വില ചിലയിടങ്ങളില്‍ ക്രമാതീതമായി കുടുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി. വില വിവരം ആഴ്ചയില്‍ രണ്ട് തവണ പരിശോധിച്ച് ആവശ്യമെങ്കില്‍ പുനര്‍നിര്‍ണയിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. വില കൂട്ടി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കട അടപ്പിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. അവശ്യസാധനങ്ങള്‍ക്ക് നിലവില്‍ വിപണിയില്‍ ദൗര്‍ബല്യമില്ല. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പൊതുവിപണി പരിശോധനക്കായി സിവില്‍സപ്ലൈസ്, ലീഗല്‍മെട്രോളജി, റവന്യുവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിന്നുണ്ടെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. പൊതുവിപണിയില്‍ അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ താലൂക്ക് സപ്ലൈ ഓഫിസറെ അറിയിക്കാവുന്നതാണ്. വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസര്‍ -9188527405, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫിസര്‍ - 9188527406, ബത്തേരി താലൂക്ക് സപ്ലൈ ഓഫിസര്‍ - 9188527407.
വില വിവരം(കിലോ) ചുവടെ: മട്ട അരി 37-39 രൂപ, ജയ അരി 38-40, കുറുവ അരി 39-41, പച്ചരി 26-32, ചെറുപയര്‍ 110-120, ഉഴുന്ന് 102-110, സാമ്പാര്‍ പരിപ്പ് 93-102, കടല 65-70 , മുളക് 170-180, മല്ലി 90-92, പഞ്ചസാര 40-42 , ആട്ട 35, മൈദ 35 ,സവാള 38-40, ചെറിയ ഉള്ളി 80-85, ഉരുളക്കിഴങ്ങ് 43-48, വെളിച്ചെണ്ണ 180-200 തക്കാളി 28-30, പച്ചമുളക് 50-60, കുപ്പിവെള്ളം 13 രൂപ.