ഡല്‍ഹിയിലെ കല്‍പ്പന ഞങ്ങള്‍ അംഗീകരിക്കില്ല: അസമില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു
അസമില്‍ പലയിടങ്ങളിലും പ്രതിഷേധത്തിന്റെ ഭാഗമായി മനുഷ്യ ശൃംഖല നിര്‍മിച്ചു.

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അസമില്‍ വീണ്ടും ശക്തമാകുന്നു. അസോം ജതിയതബാദി യുവത്ര പരിഷത്തിന്റെ (എജെവൈസിപി) ആഭിമുഖ്യത്തിലാണ് സമരം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച്ച ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചു.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റു ചെയ്ത എജെവൈസിപി നേതാവ് അഖില്‍ ഗൊഗോയിയെ ജയില്‍ മോചിതനാക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.
ദിബ്രുഗര്‍ നഗരത്തില്‍ മനുഷ്യ ശൃംഖല രൂപീകരിക്കാന്‍ ഒത്തുകൂടിയ നൂറുകണക്കിനു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അസമില്‍ പലയിടങ്ങളിലും പ്രതിഷേധത്തിന്റെ ഭാഗമായി മനുഷ്യ ശൃംഖല നിര്‍മിച്ചു. മോറിഗാവ് പട്ടണത്തില്‍, ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയനും (എഎഎസ്യു) ഏതാനും ഗോത്ര വിദ്യാര്‍ത്ഥി ഗ്രൂപ്പുകളും എജെവൈസിപിയുടെ മനുഷ്യ ശൃഖലയില്‍ കണ്ണിചെര്‍ന്നു.
ധേമാജി, ദാരംഗ്, നല്‍ബാരി, തുടങ്ങിയ ജില്ലകളിലെ പല നഗരങ്ങളിലും സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനങ്ങള്‍ മനുഷ്യ ശൃംഖലയില്‍ കണ്ണിചേര്‍ന്നു. സിഎഎ റദ്ദു ചെയ്യുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും ഡല്‍ഹിയിലെ കല്‍പ്പന ഞങ്ങള്‍ അംഗീകരിക്കില്ലെന്നുമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.