ഞങ്ങള്‍ ഈ മണ്ണ് വിട്ട് പോകില്ല; യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മഹ്‌മൂദ് അബ്ബാസ്

ഞങ്ങള്‍ ആ മണ്ണ് വിട്ട് പോകില്ല' എന്ന് മൂന്ന് തവണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചാണ് അബ്ബാസ് തന്റെ പ്രസംഗം ആരംഭിച്ചത്

Update: 2024-09-27 07:29 GMT

ന്യൂയോര്‍ക്ക്: തങ്ങള്‍ ഈ മണ്ണ് വിട്ട് പോകില്ലെന്ന പ്രസ്താവനയുമായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. യുഎന്‍ ആസ്ഥാനത്ത് യുഎന്‍ ജനറല്‍ അസംബ്ലിയുടെ 79-ാമത് സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിച്ചും അമേരിക്കയുടെ നിലപാടുകളെ പരിഹസിച്ചുമായിരുന്നു അബ്ബാസിന്റെ പ്രസംഗം.

''ഞങ്ങള്‍ ആ മണ്ണ് വിട്ട് പോകില്ല' എന്ന് മൂന്ന് തവണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചാണ് അബ്ബാസ് തന്റെ പ്രസംഗം ആരംഭിച്ചത്. ഫലസ്തീന്‍ ഞങ്ങളുടെ മാതൃരാജ്യമാണ്. നമ്മുടെ പിതാക്കന്മാരുടെയും മുത്തച്ഛന്‍മാരുടെയും നാടാണിത്. അത് എന്നും നമ്മുടേതായി തന്നെ തുടരും. ആ മണ്ണിനെ വിട്ട് ആരെങ്കിലും പോകുന്നുണ്ടെങ്കില്‍ അത് അധിനിവേശക്കാരായ കൊള്ളക്കാര്‍ മാത്രമായിരിക്കും. ഗസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ വേണം. വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. എല്ലാതരത്തിലുമുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കണം. ഗസയില്‍ നിന്ന് പൂര്‍ണമായി ഇസ്രായേല്‍ പിന്‍വാങ്ങണം. ബഫര്‍ സോണുകളൊന്നും സ്ഥാപിക്കാതെ തന്നെ ഇസ്രായേല്‍ ഗസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം. ഗസയില്‍ ഉടനീളം മാനുഷിക സഹായം വ്യാപകമായെത്തിക്കണം. യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയെ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ഫലസ്തീനികള്‍ക്ക് അന്താരാഷ്ട്ര സംരക്ഷണമുണ്ടാകണം'' മഹ്‌മൂദ്അബ്ബാസ് പറഞ്ഞു.

ഗസയില്‍ ഇസ്രായേല്‍ സമ്പൂര്‍ണ വംശഹത്യ യുദ്ധം നടത്തുകയാണ്. ഫലസ്തീനിലെ ജനങ്ങള്‍ക്ക് സംഭവിക്കുന്നതിന് ലോകം മുഴുവന്‍ ഉത്തരവാദിയാണെന്നും അബ്ബാസ് പറഞ്ഞു. ഗസയില്‍ മാത്രം ഇതുവരെ 40,000-ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. 100,000-ത്തിലധികം പേര്‍ക്കാണ് ഇസ്രായേലിന്റെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റത്

ഗസയിലെ സാധാരണക്കാരെ ഇസ്രായേല്‍ കൊല്ലുന്നില്ലെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാദത്തോട് രൂക്ഷമായാണ് അബ്ബാസ് പ്രതികരിച്ചത്. ഇസ്രായേല്‍ അല്ലാതെ ഗസയിലെ 15,000-ത്തിലധികം കുട്ടികളെ കൊന്നതാരാണ്. കൊല്ലപ്പെട്ട 40,000-ത്തില്‍ 15,000-ത്തിലധികം കുട്ടികളെയും അത്രത്തോളം സ്ത്രീകളെയും പ്രായമായവരെയും പിന്നെ ആരാണ് കൊന്നതെന്നും അദ്ദേഹം ചോദിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ യുഎസ് ഭരണകൂടം മൂന്ന് തവണയാണ് സുരക്ഷാ കൗണ്‍സിലിലെ പ്രമേയങ്ങള്‍ തടസ്സപ്പെടുത്തിയതെന്നും യുഎസ് ഇസ്രായേലിനെ പിന്തുണക്കുകയാമെന്നും അബ്ബാസ് പറഞ്ഞു. ഈ യുഎസാണ് ഫലസ്തീന് യുഎന്നില്‍ പൂര്‍ണ്ണ അംഗത്വം നല്‍കുന്നതിനെതിരെ വോട്ട് ചെയ്ത സെക്യൂരിറ്റി കൗണ്‍സിലിലെ ഒരേയൊരു അംഗ രാജ്യമെന്നും അബ്ബാസ് പറഞ്ഞു. കോടിക്കണക്കിന് രൂപയും സഹായങ്ങളാണ് ഇസ്രായേലിന് യുഎസ് നല്‍കുന്നതെന്നും ഇതിനെ അപലപിക്കുന്നുവെന്നും അബ്ബാസ് പറഞ്ഞു.





Tags:    

Similar News