മീഡിയാവണ്‍ സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധി ഭരണകൂട ഫാസിസത്തിന് ശക്തി പകരും: വെല്‍ഫെയര്‍ പാര്‍ട്ടി

ഉന്നത കോടതികളിലെ നിയമ പോരാട്ടങ്ങളിലൂടെ മീഡിയാ വണ്‍ തിരിച്ചു വരുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു

Update: 2022-02-08 06:35 GMT

തിരുവനന്തപുരം: മീഡിയാവണ്‍ സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. രാജ്യത്തെ ഫാസിസ്റ്റ് ഭരണ സംവിധാനത്തിലേക്ക് കൊണ്ടുപോകുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്ക് ഈ വിധി ശക്തി പകരുമെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി.

ദേശ സുരക്ഷക്ക് ഭീഷണി എന്ന വാദത്തിലാണ് ആഭ്യന്തര മന്ത്രാലയം മീഡിയാ വണ്ണിന്റെ ലൈസന്‍സ് പുതുക്കുന്നതിന് ക്ലിയറന്‍സ് നല്‍കാത്തത്. പക്ഷേ എന്ത് ദേശ സുരക്ഷാ പ്രശ്‌നമാണ് മീഡിവണ്ണില്‍ നിന്നുണ്ടായതെന്ന് ബന്ധപ്പെട്ട കക്ഷികളെയോ രാജ്യത്തെ ജനങ്ങളെയോ ബോധ്യപ്പെടുത്താതെയുണ്ടായ ഈ സംപ്രേഷണ വിലക്ക് ജനാധിപത്യപരമല്ല.

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും നേരെയുള്ള നിഷേധമാണ്. സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തില്‍ ഭയമുള്ള സര്‍ക്കാരുകളുടെ അമിതാധികാര പ്രവണതക്കെതിരേ നില കൊണ്ട നമ്മുടെ നീതിന്യായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ട കാലമാണിത്. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്ന സന്ദേശമാണ് മീഡിയാവണ്ണിന്റെ വിലക്ക് നല്‍കുന്നത്. രാജ്യത്തെ പൗര സമൂഹം ജനാധിപത്യ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് കൂടുതല്‍ ജാഗ്രതയോടെ നിലകൊള്ളണം. ഉന്നത കോടതികളിലെ നിയമ പോരാട്ടങ്ങളിലൂടെ മീഡിയാ വണ്‍ തിരിച്ചു വരുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Tags:    

Similar News