ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലും വെസ്റ്റ് നൈല്‍ വൈറസ് വ്യാപിക്കുന്നു; മുന്നറിയിപ്പുമായി റഷ്യ
മോസ്‌കോ: ലോകത്ത് കൊതുകുകള്‍ പരത്തുന്ന വെസ്റ്റ് നൈല്‍ വൈറസ് വ്യാപിക്കുന്നുവെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. അധികം ചൂടില്ലാത്ത അന്തരീക്ഷം വൈറസ് പ്രസരണത്തിന് അനുകൂലമാണെന്നും പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു.
റഷ്യയുടെ കാര്യത്തില്‍ തെക്കന്‍ പ്രദേശങ്ങളിലാണ് 80 ശതമാനം വൈറസ് വ്യാപനവും നടക്കുന്നത്. ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലും വെസ്റ്റ് നൈല്‍ വൈറസ് വ്യാപിക്കുന്നതായി റിപോര്‍ട്ടുണ്ട്.
ക്വീലക്‌സ് വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴി ഇവ മനുഷ്യരിലെത്താം. നാഢീവ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തില്‍ കാണുന്ന പനികളില്‍ 20 ശതമാനവും ഈ രോഗമാണ്. സിക്ക, ഡെങ്കു, യെല്ലൊ ഫീവര്‍ എന്നിവയ്ക്ക് സമാനം.
പനി, തലവേദന, ശരീരവേദന, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവയാണ് രോഗലക്ഷണം. ഏതാനും ദിവസം മുതല്‍ ആഴ്ചകള്‍ വരെ രോഗം നീണ്ടുനില്‍ക്കാം. സ്വമേധയാ മാറിപ്പോവുകയും ചെയ്യാറുണ്ട്.
1937ല്‍ ഉഗാണ്ടയില്‍ നൈല്‍ നദിക്കരയില്‍ സ്ത്രീകള്‍ക്കിടയിലാണ് ഇത് ആദ്യമായി കണ്ടത്. 1953 ല്‍ പക്ഷികളില്‍ ഈ രോഗം കണ്ടെത്തി.
രോഗം തലച്ചോറിനെ ബാധിച്ചാല്‍ അപകടമാണ്. മരണവും സംഭവിക്കാം. തലച്ചോറില്‍ വൃണങ്ങളും കോശങ്ങള്‍ നശിക്കലും സംഭവിക്കാം. സ്‌പൈനല്‍ കോഡിനെയും തല്ലോറിനെ ചുറ്റിയിരിക്കുന്ന കോശങ്ങളെയും ബാധിക്കും.
ലാബ് പരിശോധന വഴി രോഗം കണ്ടെത്താം. നിലവില്‍ വാക്‌സിന്‍ ഇല്ല. കൊതുകുകടിയേല്‍ക്കാതിരിക്കല്‍ മാത്രമാണ് പ്രതിവിധി.