കേരളത്തില്‍ പുതിയൊരു രോഗം കൂടി റിപോര്‍ട്ട് ചെയ്തിരിക്കുന്നു-ഷിഗെല്ല. കോഴിക്കോടിനു സമീപത്തെ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്താണ് ഷിഗെല്ല ബാക്ടീരിയമൂലമുള്ള രോഗം സ്ഥിരീകരിച്ചത്. ഒരു മരണവും സമാനലക്ഷണങ്ങളുള്ള 25 കേസുകളും റിപോര്‍ട്ട് ചെയ്യ്‌പ്പെട്ടതോടെ ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. പരിശോധനയില്‍ ആറുകേസുകളില്‍ ഷിഗെല്ല സോണിയെ എന്ന രോഗാണുവിനെ കണ്ടെത്തിയതായും പ്രദേശത്തെ വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതുമായാണ് റിപോര്‍ട്ട്. കൊവിഡ് മഹാമാരിയുടെ കാലത്ത്, നിപയെ കണ്ടു പേടിച്ചവര്‍, പുതിയ രോഗത്തിന്റെ പേര് കേള്‍ക്കുമ്പോഴേ ഭയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ നിപയെ പോലെ പരക്കുന്നതാണോ, കൊവിഡ് പോലെ ലോക്ക് ഡൗണ്‍ ആവശ്യമായി വരുന്നതാണ് ഷിഗെല്ലയെന്ന് പലരും അന്വേഷിക്കുന്നുണ്ട്.
ലക്ഷണങ്ങള്‍
പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത് എന്നതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. രോഗലക്ഷണങ്ങള്‍ ഗുരുതരമാണെങ്കില്‍ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളില്‍ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം പെട്ടെന്നുണ്ടാവുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. രണ്ടുമുതല്‍ ഏഴുദിവസം വരെ രോഗലക്ഷണങ്ങള്‍ കാണാം. ചില കേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യുന്നുണ്ട്. പനി, രക്തംകലര്‍ന്ന മലവിസര്‍ജനം, നിര്‍ജലീകരണം, ക്ഷീണം എന്നിവയുണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് തന്നെ അറിയിച്ചിട്ടുണ്ട്.
എങ്ങനെ പ്രതിരോധിക്കാം
ശുചിത്വമാണ് ഷിഗെല്ല പ്രതിരോധത്തിന് ഏറ്റവും ആവശ്യം. ഭക്ഷണത്തിനുമുമ്പും മലവിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുന്ന ശീലമുണ്ടാക്കുക. വ്യക്തിശുചിത്വം പാലിക്കുക. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യുന്നത് ഒഴിവാക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായവിധത്തില്‍ സംസ്‌കരിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ ആഹാരം പാകംചെയ്യുന്നതില്‍ നിന്നു വിട്ടുനില്‍ക്കലാണ് ഉചിതം. പഴകിയ ഭക്ഷണം കഴിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭക്ഷണപദാര്‍ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവയ്ക്കണം. വയറിളക്കമുള്ള കുട്ടികള്‍ മറ്റുള്ളവരുമായി ഇടപെടുന്നത് ഒഴിവാക്കണം. കക്കൂസും കുളിമുറിയും ഇടയ്ക്കിടെ അണുനശീകരണം നടത്തണം. രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും കഴുകിയ ശേഷംമാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. രോഗലക്ഷണമുള്ളവര്‍ ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിവ കഴിക്കുന്നത് ഗുണകരമാണ്. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യണം.