എന്തായിരുന്നു വൈഗൂര്‍ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനുള്ള ചൈനയുടെ മൂന്നിലൊന്ന് പദ്ധതി ?
ജര്‍മനിയില്‍ നാസികള്‍ ജൂതന്‍മാര്‍ക്കെതിരില്‍ നടത്തിയ വംശീയ ആക്രമണങ്ങള്‍ക്ക് തുല്യമായാണ് ചെന വൈഗൂര്‍ മുസ്‌ലിംകളോടും ചെയ്യുന്നത്.
ന്യൂയോര്‍ക്ക്: 'റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനേക്കാള്‍ വളരെ മോശമാണ് സ്ഥിതി. വൈഗൂര്‍ മുസ്‌ലിംകള്‍ അപ്രത്യക്ഷരായികൊണ്ടിരിക്കുന്നു. മരണം ഇപ്പോള്‍ എല്ലായിടത്തും ഉണ്ട്.' വെഗൂര്‍ പ്രോജക്റ്റ്‌സ് ഫൗണ്ടേഷന്റെ പ്രസിഡന്റും ലോക വെഗൂര്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ഉപദേശകനുമായ ഡോ. എര്‍കിന്‍ സിദ്ദീഖിന്റെ വാക്കുകളാണിത്. ചൈനയിലെ ക്യാംപുകളിലെ വൈഗൂര്‍ തടവുകാരുടെയും മരിച്ചവരുടെയും എണ്ണം ഇപ്പോള്‍ ഹോളോകോസ്റ്റില്‍ തടവിലാക്കപ്പെട്ടവരും കൊല്ലപ്പെട്ടവരുമായ മൊത്തം ജൂതന്മാരേക്കാള്‍ കൂടുതലാണെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സിന്‍ജിയാങ്ങിലെ ചൈനയുടെ 'മതപരമായ വംശഹത്യ'യെക്കുറിച്ചുള്ള മുന്‍ റിപ്പോര്‍ട്ടുകളെയെല്ലാം അപ്രസക്തമാക്കുന്നതാണ് അവിടെ നിന്നും പുറത്തു വരുന്ന പുതിയ വിവരങ്ങളെന്ന് എര്‍കിന്‍ സിദ്ദീഖ് പറയുന്നു. ഒരു കാലത്ത് 2016 ല്‍ 92,000 വൈഗൂര്‍ ജനസംഖ്യ ഉണ്ടായിരുന്ന തന്റെ പ്രദേശത്ത് ഇന്ന് 20,000 പേര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് സിന്‍ജിയാങ്ങിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അടുത്തിടെ പറഞ്ഞതെന്ന് എര്‍കിന്‍ സിദ്ദീഖ് വെളിപ്പെടുത്തി. ജനസംഖ്യയുടെ 80% ത്തിലധികം പേര്‍ നാലുവര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷരായി. ജര്‍മനിയില്‍ നാസികള്‍ ജൂതന്‍മാര്‍ക്കെതിരില്‍ നടത്തിയ വംശീയ ആക്രമണങ്ങള്‍ക്ക് തുല്യമായാണ് ചെന വൈഗൂര്‍ മുസ്‌ലിംകളോടും ചെയ്യുന്നത്.
കഷ്ഗര്‍, ഹോതാന്‍, അക്‌സു പ്രദേശങ്ങളിലാണ് വൈഗൂറുകള്‍ പ്രധാനമായുമുണ്ടായിരുന്നത്.ഇപ്പോള്‍ തെരുവിലോ മറ്റു പൊതു സ്ഥലങ്ങളിലോ വൈഗൂറുകളെ കാണുന്നത് അപൂര്‍വ്വമാണെന്നും എര്‍കിന്‍ സിദ്ദീഖ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിംഗ് 2014 ല്‍ എടുത്ത ഒരു രഹസ്യ തീരുമാനത്തിനനുസരിച്ചാണ് വൈഗൂറുകളെ ഉന്മൂലനം ചെയ്യുന്നതെന്ന് സിദ്ദീഖ് വെളിപ്പെടുത്തി. 'വൈഗൂര്‍ മുസ്‌ലിംകളിലെ മൂന്നിലൊന്ന് പേരെ കൊല്ലുക, മൂന്നിലൊന്നു പേരെ തടവിലാക്കുക, അവശേഷിക്കുന്ന മൂന്നിലൊന്ന് പേരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രത്യയശാസ്ത്രത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നതായിരുന്നു ആ തീരുമാനം. വൈഗൂര്‍ മുസ്‌ലിംകളില്‍ മൂന്നിലൊന്ന് പേരും പീഡിപ്പിക്കപ്പെടുന്നുണ്ട്. 2014 ല്‍ സിന്‍ജിയാങ്ങിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ജിന്‍പിംഗ് നടത്തിയ പ്രഭാഷണത്തില്‍ വൈഗൂര്‍ ന്യൂനപക്ഷത്തിനെതിരെ ''സ്വേച്ഛാധിപത്യത്തിന്റെ അവയവങ്ങള്‍'' ഉപയോഗിക്കാനും ഒരു കരുണയുമില്ലാതെ പ്രവര്‍ത്തിക്കാനും ജിന്‍പിംഗ് പറഞ്ഞ കാര്യവും എര്‍കിന്‍ സിദ്ദീഖ് പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്.
വൈഗൂര്‍ നേതാവ് പറഞ്ഞ കാര്യങ്ങള്‍ സാധൂകരിക്കുന്നതാണ് ജെയിംസ്റ്റൗണ്‍ ഫൗണ്ടേഷന്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ റിപോര്‍ട്ട്. വൈഗൂറുകളിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2015 നും 2018 നും ഇടയില്‍ 84% കുറഞ്ഞുവെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.