കെജ്‌രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്‌സാപ് നമ്പര്‍; 'കെജ്‌രിവാള്‍ കൊ ആശിര്‍വാദ്' ക്യാംപയിന് തുടക്കമിട്ട് സുനിത കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ഇഡി കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പ്രാര്‍ത്ഥനയും പിന്തുണയും പങ്കുവെക്കാന്‍ ക്യാംപയിനുമായി ഭാര്യ സുനിത കെജ്‌രിവാള്‍. ഇതിനായി വാട്‌സാപ് നമ്പര്‍ പുറത്തുവിട്ടു. 'കെജ്‌രിവാള്‍ കോ ആശിര്‍വാദ്' എന്ന ക്യാംപയിന്‍ വഴി പൊതുജനങ്ങള്‍ക്ക് കെജ്‌രിവാളിന് പിന്തുണ അറിയിക്കാമെന്ന് സുനിത കെജ് രിവാള്‍ പറഞ്ഞു.
8297324624 എന്ന നമ്പറിലേക്ക് സന്ദേശങ്ങള്‍ അയച്ച വാട്‌സാപ്പ് ക്യാംപയിനില്‍ പങ്കാളിയാകാമെന്നാണ് സുനിത കെജ്രിവാള്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. കെജ് രിവാളിന്റെ മോചനത്തിനായി നിരാഹാരമിരിക്കുന്നതായി പലരും തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
'ഇങ്ങനെയാണ് ആളുകള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നത്. നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്ക് അയക്കുക. നിങ്ങളുടെ ഓരോ സന്ദേശവും അദ്ദേഹത്തിന്റെ അടുത്തെത്തും. അവ വായിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെടും. അദ്ദേഹത്തിന് കത്തെഴുതാന്‍ നിങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്കാരനാകേണ്ടതില്ല,' സുനിത പറഞ്ഞു. ഈ സ്വേച്ഛാധിപത്യം നിലനില്‍ക്കില്ലെന്നും ജനങ്ങള്‍ മറുപടി നല്‍കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.