സിദ്ദീഖ് കാപ്പന് ജാമ്യം ചോദിച്ചപ്പോള്‍ കീഴ്‌ക്കോടതിയില്‍ പോവാനാണ് പറഞ്ഞത്; അര്‍ണബിന് ജാമ്യമനുവദിച്ച സുപ്രിം കോടതിയെ വിവേചനം ഓര്‍മിപ്പിച്ച് കപില്‍ സിബല്‍

'ഹാഥ്‌റസില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഒരു മലയാളി പത്രപ്രവര്‍ത്തകനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിട്ടിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഞങ്ങള്‍ അന്ന് ഈ കോടതിയില്‍ വന്നിരുന്നു. അന്ന് ഞങ്ങളോട് കീഴ്‌ക്കോടതിയില്‍ പോവാനാണ് പറഞ്ഞത്.

Update: 2020-11-11 15:54 GMT

ന്യൂഡല്‍ഹി: ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ജാമ്യം നല്‍കിയ സുപ്രീംകോടതി നിലപാടിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. മുന്‍പ് ഇതേ കോടതിയില്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ ജാമ്യത്തിനായി സമീപിച്ചപ്പോള്‍ കീഴ്‌ക്കോടതിയില്‍ പോവാനാണ് പറഞ്ഞതെന്ന് കപില്‍ സിബല്‍ സുപ്രിം കോടതിയെ ഓര്‍മിപ്പിച്ചു.

'ഹാഥ്‌റസില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഒരു മലയാളി പത്രപ്രവര്‍ത്തകനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിട്ടിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഞങ്ങള്‍ അന്ന് ഈ കോടതിയില്‍ വന്നിരുന്നു. അന്ന് ഞങ്ങളോട് കീഴ്‌ക്കോടതിയില്‍ പോവാനാണ് പറഞ്ഞത്. നാലാഴ്ച കഴിഞ്ഞുള്ള തിയ്യതിയിലേക്ക് ജാമ്യാപേക്ഷ മാറ്റിവെക്കുകയാണ് ചെയ്തത്. ഈ കോടതിയില്‍ ഇങ്ങനെയും നടക്കുന്നുണ്ട് എന്നു ഓര്‍മിപ്പിക്കുകയാണ് '. കപില്‍ സിബല്‍ പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

ഹാഥ്‌റസിലേക്കു വാര്‍ത്ത തയ്യാറാക്കാന്‍ പോയതിന് യുപി പോലീസ് അറസ്റ്റ്ുചെയ്ത സിദ്ദീഖ് കാപ്പന് ജാമ്യം ലഭിക്കുന്നതിനു വേണ്ടി സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ അലഹബാദ് ഹൈക്കോടതിയില്‍ പോകാനാണ് പറഞ്ഞത്. സിദ്ദീഖ് കാപ്പനെ അറസ്റ്റു ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും ജാമ്യം അനുവദിച്ചിട്ടില്ല. അഭിഭാഷകന് കാണാന്‍ പോലും അനുവാദം നല്‍കിയില്ല. എന്നാല്‍ ആത്മഹത്യ പ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണബ് ഗോസ്വാമി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ തന്നെ സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയാണ് ചെയ്തത്.

അര്‍ണബിന്റെ ജാമ്യാപേക്ഷ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുന്നതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. തങ്ങളുടെ ഹരജി പരിഗണിക്കുന്നതും കാത്ത് ആയിരങ്ങള്‍ ജയിലില്‍ കിടക്കുമ്പോള്‍ ഗോസ്വാമിയുടെ ഹരജി ഉടന്‍ പരിഗണിക്കാനുള്ള മാനദണ്ഡം എന്താണെന്നു ദുഷ്യന്ത് ദവെ സുപ്രീംകോടതി സെക്രട്ടറി ജനറലിനു കത്തയച്ചിരുന്നു.

Tags:    

Similar News