കെ കെ നൗഫല്‍
രാജ്യത്തെ ഹിന്ദു ഇതര മതവിഭാഗങ്ങളെക്കുറിച്ചുള്ള സമീപനത്തില്‍ പുതിയ നയംമാറ്റവുമായി ആര്‍എസ്എസ് രംഗത്തുവന്നതായി ഈ അടുത്ത് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതുസംബന്ധിയായി അധികം വാര്‍ത്തകളോ വിശകലനങ്ങളോ ഉണ്ടായിട്ടുമില്ല. മുസ്‌ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളെയെല്ലാം ഇനിമുതല്‍ അഹിന്ദുക്കള്‍ എന്ന് അഭിസംബോധന ചെയ്യില്ല. പകരം പുതിയ ഹിന്ദുനാമം നല്‍കാനാണ് തീരുമാനം. രാജ്യത്തെ പൗരന്മാരെ നാലു ഹിന്ദുവിഭാഗങ്ങളില്‍ ചേര്‍ത്തായിരിക്കും ആര്‍എസ്എസ് പരിഗണിക്കുക. അഭിമാനിയായ ഹിന്ദു, സന്ദേഹിയായ ഹിന്ദു, സൗഹൃദമില്ലാത്ത ഹിന്ദു, അജ്ഞനായ ഹിന്ദു എന്നിങ്ങനെ നാലു വിഭാഗമായാണ് ഇന്ത്യക്കാരെ ആര്‍എസ്എസ് തരംതിരിച്ചിരിക്കുന്നത്. രാജ്യത്ത് കഴിയുന്നവരെല്ലാം ഇതില്‍ ഏതെങ്കിലും ഒരുവിഭാഗത്തില്‍ ഉള്‍പ്പെടുമെന്നാണ് നാഗ്പ്പൂര്‍ ആസ്ഥാനത്തുനിന്നുള്ള പുതിയ തീരുമാനം. ആര്‍എസ്എസ് സംഘടനാവൃത്തങ്ങളെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമമായ 'ദ പ്രിന്റ്' ആണ് ഈ വിവരം റിപോര്‍ട്ട് ചെയ്തത്.
ഇന്ത്യയിലെ ഹിന്ദു ഇതര വിഭാഗങ്ങളെ അഹിന്ദുക്കളെന്നാണ് നാളിതുവരെ ആര്‍എസ്എസ് അഭിസംബോധന ചെയ്തുകൊണ്ടിരുന്നത്. എന്തുകൊണ്ടാണ് അവരിപ്പോള്‍ ഇന്ത്യക്കാരെ മൊത്തത്തില്‍ ഹിന്ദുക്കളാക്കിയിരിക്കുന്നതെന്ന ചോദ്യത്തിനു ഗഹനമായ പഠനത്തിന്റെ ആവശ്യമില്ല. ഹിന്ദുരാഷ്ട്രം എന്ന അവരുടെ പ്രഖ്യാപിത അജണ്ടയ്ക്കു മണ്ണൊരുക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ അവരുടെ കാഴ്ചപ്പാടില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇന്ത്യ എന്ന രാജ്യം വൈവിധ്യങ്ങള്‍കൊണ്ടു സമ്പന്നമാണെന്നു തിരിച്ചറിയാത്ത ലോകത്തെ ഒരേയൊരു വിഭാഗമാണ് ആര്‍എസ്എസും അവരുടെ നിഴല്‍ സൈന്യങ്ങളും. ഹിന്ദുക്കള്‍ മാത്രമാണ് ഇന്ത്യക്കാര്‍ എന്നാണ് അവരുടെ കാഴ്ചപ്പാട്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഇന്ത്യയുടെ ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം തങ്ങള്‍ അംഗീകരിക്കില്ലെന്ന പ്രഖ്യാപനം കൂടിയാണ് ആര്‍എസ്എസിന്റെ തരംതിരിവിലൂടെ വ്യക്തമാവുന്നത്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടല്ലോ. അതായത്, വിവിധ മതങ്ങളും വിശ്വാസങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടെന്നര്‍ഥം. പക്ഷേ, ആര്‍എസ്എസിനു രാജ്യത്ത് ഒരു മതവും സംസ്‌കാരവുമേയുള്ളൂ. ആ മതവും സംസ്‌കാരവും രാജ്യത്തെ ഇതര ജനവിഭാഗങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഹിന്ദുക്കളല്ലാത്തവരെ അഹിന്ദുക്കള്‍ എന്നാണ് അവര്‍ വിളിക്കാറുള്ളത്. വിവിധ മതങ്ങളും ജാതികളും സംസ്‌കാരങ്ങളും കാലാവസ്ഥയും ഭാഷയും ഉപഭാഷയും ഭക്ഷണ-വസ്ത്ര രീതികളും തുടങ്ങി തൂണിലും തുരുമ്പിലും വരെ വൈവിധ്യങ്ങളുള്ള നാടാണ് നമ്മുടെ ഇന്ത്യ. അതുകൊണ്ടാണ് നാനാത്വത്തില്‍ ഏകത്വം എന്നതു നമ്മുടെ പ്രത്യേകതയായി മാറിയത്. പക്ഷേ, സംഘപരിവാരത്തിനു നാനാത്വത്തില്‍ ഏകത്വം എന്ന കാഴ്ചപ്പാടിനു പകരം ഏകത്വത്തില്‍ നാനാത്വം എന്ന കാഴ്ചപ്പാടാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കും രാജ്യത്തെ മതേതര മൂല്യങ്ങള്‍ക്കും മുകളിലാണ് ആര്‍എസ്എസും അവരുടെ കാഴ്ചപ്പാടുകളുമെന്നു വിശ്വസിക്കുന്ന ധാരാളം പേര്‍ ഉണ്ടായിരിക്കാം. പക്ഷേ, വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും പ്രത്യയശാസ്ത്രമായ സംഘപരിവാരത്തിന്റെ തിട്ടൂരം അനുസരിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറാവില്ല. ഭരണഘടനയ്ക്കു മുകളിലല്ല ആര്‍എസ്എസും അവരുടെ വിഭജന കാഴ്ചപ്പാടുകളും.
നാലുതരം ഹിന്ദുക്കള്‍
ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ നാലു വിഭാഗമാക്കി തിരിക്കുകയാണ് സംഘപരിവാരം ഇപ്പോള്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ആദ്യത്തേത് അഭിമാനിയായ ഹിന്ദുവാണ്. ഹിന്ദുത്വവാദികള്‍ തന്നെയാണ് ഈ കള്ളിയില്‍ വരുക. കാരണം, അവരാണല്ലോ 'അഭിമാനിയായി' നടക്കുന്നത്. രണ്ടാമത്തേത്, സന്ദേഹിയായ ഹിന്ദുവാണ്. ഹിന്ദുമത വിശ്വാസിയാണ്. പക്ഷേ, ഹിന്ദുമതത്തിന്റെ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ ജീവിതത്തില്‍ പ്രയോഗിക്കാത്തവര്‍. മൂന്നാമത്തേതും നാലാമത്തേതും സൗഹൃദമില്ലാത്ത ഹിന്ദുവും അജ്ഞനായ ഹിന്ദുവുമാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളുമൊക്കെ ഈ കള്ളിയിലാണ് പെടുക. ജനങ്ങളെ നാലു തട്ടുകളാക്കി വിഭജിച്ചു ചൂഷണം നടത്തിയിരുന്ന ചാതൂര്‍വര്‍ണ്യത്തെക്കുറിച്ചു സ്വപ്‌നം കാണുന്നവര്‍ക്ക് ഈ വിഭജനം സന്തോഷം നല്‍കുന്നുണ്ടാവും. ചൂഷണത്തിനെതിരേ നിലകൊള്ളുന്ന നീതിക്കു വേണ്ടി ശബ്ദുമുയര്‍ത്തുന്നവര്‍ക്ക് ആര്‍എസ്എസ് മേധാവിയുടെ ജനങ്ങളെ നാലുതരമാക്കുന്ന പരിപാടിയോടു യോജിക്കാന്‍ സാധിക്കില്ല. താളത്തില്‍, ഒഴുക്കോടെ പറഞ്ഞാലൊന്നും ജാതിവ്യവസ്ഥപോലെ വിഭജിക്കാനുള്ള നീക്കത്തെ രാജ്യത്തെ ജനങ്ങള്‍ സ്വീകരിക്കാന്‍ പോവുന്നില്ല.
രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനം വരുന്ന മുസ്‌ലിംകള്‍ അജ്ഞരാണെന്നാണ് സംഘപരിവാരത്തിന്റെ കാഴ്ചപ്പാട്. ഇസ്‌ലാം ഒരു മതമാണെന്നും മുസ്‌ലിം എന്നത് ഒരു ഐഡന്റിറ്റിയാണെന്നതും അംഗീകരിക്കാന്‍ തയ്യാറല്ല എന്ന ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ് മുസ്‌ലിംകളെ ഹിന്ദു എന്ന പൊതു കള്ളിയിലേക്കു ചുരുക്കാനുള്ള മൂലകാരണം. ഇസ്‌ലാം ഒരു ആഗോള യാഥാര്‍ഥ്യമാണ് എന്ന കാര്യം അംഗീകരിക്കാന്‍ അവര്‍ സന്നദ്ധമല്ല. ഇന്ത്യയിലെ 20 കോടി മുസ്‌ലിംകള്‍ മുസ്‌ലിംകളല്ല, പകരം അവര്‍ ഹിന്ദുക്കളില്‍ ഒരു വിഭാഗമാണെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കുന്നത്. ഇസ്‌ലാം മുസ്‌ലിംകള്‍ക്ക് ഒരു നേരംപോക്ക് പരിപാടിയല്ലെന്ന് ആര്‍എസ്എസുകാര്‍ മനസ്സിലാക്കണം. ഇസ്‌ലാം ബോധപൂര്‍വമായ ഒരു തിരഞ്ഞെടുപ്പാണ്. അത് ആരും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിച്ചതല്ല. അല്ലെങ്കില്‍ 'അജ്ഞത'മൂലം തിരഞ്ഞെടുത്തതല്ല.
സൗഹൃദമില്ലാത്ത ഹിന്ദുക്കളെന്ന് ആര്‍എസ്എസ് വിശേഷിപ്പിച്ചവരില്‍ മുന്നിലുണ്ടാവുക ഹിന്ദുത്വവാദികള്‍ വെടിവച്ചുകൊന്ന ഗൗരി ലങ്കേഷ് ആയിരിക്കും. രാജ്യം നേരിടുന്ന ഭീഷണിയെക്കുറിച്ചും നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന, നീതിക്കു വേണ്ടി നിലകൊണ്ട ധീരയായ ആക്ടിവിസ്റ്റും പത്രപ്രവര്‍ത്തകയുമായിരുന്നു ഗൗരി ലങ്കേഷ്. സംഘപരിവാരത്തിനെതിരേ അവര്‍ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു. അവരെ വെടിവച്ചു കൊല്ലുകയാണ് വെറുപ്പിന്റെ പ്രത്യയശാസ്ത്രം ആവാഹിച്ച ഹിന്ദുത്വവാദികള്‍ ചെയ്തത്. സൗഹൃദമില്ലാത്ത ഹിന്ദുക്കളെന്ന് ആര്‍എസ്എസ് വരച്ചുവച്ച കള്ളിയിലുള്ളവര്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.
നാളിതുവരെ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഹിന്ദുത്വവാദികള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളും കലാപങ്ങളും വംശഹത്യകളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവസാനം മുസ്‌ലിം പെണ്‍കുട്ടികള്‍ ധരിക്കുന്ന ഹിജാബില്‍ വരെ വിദ്വേഷത്തിനുള്ള അവസരമായി കണ്ടു കലാപം നടത്താനുള്ള അവസരം തേടിക്കൊണ്ടിരിക്കുകയാണ് സംഘപരിവാരം. അഹിന്ദുക്കളെന്ന പ്രയോഗം മാറ്റിവച്ചു ഹിന്ദുക്കളായിത്തന്നെ പരിഗണിക്കുമെന്ന പ്രസ്താവന നടത്തി പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമമാണ് സംഘപരിവാരം നടത്തുന്നത്. സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ക്രൂരതകളുടെ ഓര്‍മകള്‍ അണയാത്തിടത്തോളം സൗഹൃദത്തിന്റെ നാട്യവുമായി ആര്‍എസ്എസ് ഏതു വേഷത്തില്‍ വന്നാലും തിരിച്ചറിയാന്‍ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികള്‍ ബോധവാന്മാരാണ്. ആര്‍എസ്എസ് 100ാം വര്‍ഷത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നുവെന്നും 2025 ആവുമ്പോഴേക്കും ഹൈന്ദവ സംഘടിത ശക്തിയുടെ ജാഗരണം ശക്തമാക്കണമെന്നും 2021 ഒക്ടോബറില്‍ വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബലെ എറണാകുളത്ത് പ്രസംഗിച്ചിരുന്നു. 2021 ഒക്ടോബര്‍ 14ന് 'ജന്മഭൂമി' പത്രത്തിന്റെ നാലാം പേജില്‍ ഈ പ്രസംഗം അച്ചടിച്ചുവന്നിരുന്നു. 2025 ആവുമ്പോഴേക്ക് ആര്‍എസ്എസിന് ഹൈന്ദവ രാജ്യമാക്കി ഇന്ത്യയെ മാറ്റണമെന്നാണ് ഈ പറഞ്ഞതിനര്‍ഥം. അതിനു വേണ്ടി ജനങ്ങളെ മാനസികമായി തയ്യാറെടുപ്പിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ തരംതിരിക്കലുകള്‍. ആര്‍എസ്എസ് അജണ്ടകളെ എക്കാലവും ജനങ്ങള്‍ തള്ളിക്കളഞ്ഞതുപോലെ ഈ തരംതിരിക്കലുകളെയും തള്ളിക്കളയും.
(മാര്‍ച്ച് 15-31 2022 ലക്കം തേജസ് ദൈ്വവാരികയില്‍ പ്രസിദ്ധീകരിച്ചത്)