സഭയില്‍ ഹാജരായില്ല; ഫാറൂഖ് അബ്ദുല്ല എവിടെയെന്ന് പ്രതിപക്ഷാംഗങ്ങള്‍
കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നതിനിടെ പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ ചോദ്യങ്ങളുമായി പ്രതിപക്ഷം.
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നതിനിടെ പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ ചോദ്യങ്ങളുമായി പ്രതിപക്ഷം. ജമ്മുകശ്മീരില്‍ നിന്നുള്ള എംപിയും നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ള ഇന്ന് ലോക്‌സഭയില്‍ ഹാജരായില്ല. അദ്ദേഹം വീട്ടുതടങ്കലിലാണോ അറസ്റ്റിലാണോ എന്നുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. കശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്ന ഉത്തരവും അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കവെ ഡിഎംകെ എംപി ടി ആര്‍ ബാലുവും ദയാനിധിമാരനുമാണ് ഫാറൂഖ് അബ്ദുള്ള എവിടെയാണെന്ന് ചോദിച്ചത്.
'എന്റെ സുഹൃത്ത് ഫാറൂഖ് അബ്ദുള്ള എവിടെയാണെന്ന് എനിക്കറിയില്ല. വീട്ടുതടങ്കലിലാണോ അല്ലയോ എന്നറിയില്ല. എവിടെയാണ് ഉമറും മെഹ്ബൂബയും? ഞങ്ങള്‍ക്കറിയില്ല.' ഫാറൂഖ് അബ്ദുള്ള സഭയില്‍ എത്താതിരുന്നതു ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ബാലു പറഞ്ഞു.
' ഈ സഭയിലെ ഒരു അംഗമായ ഫാറൂഖ് അബ്ദുള്ളയെ കാണാനില്ല. അദ്ദേഹത്തെ അറസ്റ്റു ചെയ്‌തോ. ഞങ്ങള്‍ക്ക് ഒരു സൂചനയുമില്ല. ഒരു സ്പീക്കര്‍ എന്ന നിലയില്‍ നിങ്ങള്‍ അംഗങ്ങളെ സംരക്ഷിക്കണം. നിങ്ങള്‍ നിഷ്പക്ഷനാവണം' ദയാനിധി മാരന്‍ പറഞ്ഞു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഫാറൂഖ് അബ്ദുള്ള എവിടെയാണ് ഉള്ളതെന്ന് ചോദിച്ചിട്ടുണ്ട്. മെഹബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയും കുറിച്ച് ആര്‍ക്കുമറിയില്ല. അവരെ ഒറ്റപ്പെടുത്തരുത്. തീവ്രവാദികളല്ല അവര്‍. ജനാധിപത്യ താല്‍പര്യം അനുസരിച്ച് അവരെ വിട്ടയക്കണമെന്നും മമത പറയുന്നു.
അതേസമയം, ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.