സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങള്‍ ഏതൊക്കെ?

Update: 2021-04-23 09:22 GMT

ന്യൂഡല്‍ഹി: മെയ് ഒന്നാം തിയ്യതി മുതല്‍ 18 തികഞ്ഞ പൗരന്മാര്‍ക്ക് കൊവിഡ് വാക്‌സിന് അനുമതി നല്‍കിയ സാഹച്യത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കൊവിഡ് വാക്‌സിന്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, ബീഹാര്‍, കേരളം, ഛത്തിസ്ഗഢ്, തുടങ്ങിയ സംസ്ഥാനങ്ങളാണ് 18 വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുന്നത്. ഗോവ, അസം, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങള്‍ 18-45 വയസ്സിനു ഇടയിലുള്ളവര്‍ക്കാണ് സൗജന്യ വാക്‌സിന്‍ നല്‍കുന്നത്.

18 വയസ്സിനു മുകളില്‍ സംസ്ഥാനത്തെ മുഴുവന്‍ താമസക്കാര്‍ക്കും ഉത്തര്‍പ്രദേശ് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. യോഗിയുടെ കാബിനില്‍ നടന്ന യോഗത്തിനുശേഷമാണ് ആരോഗ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും തീക്ഷ്ണമായി ബാധിച്ച രണ്ടാമത്തെ സംസ്ഥാനമാണ് യുപി.

ഛത്തിസ്ഗഢാണ് വാക്‌സിന്‍ സൗജന്യം പ്രഖ്യാപിച്ച രണ്ടാമത്തെ സംസ്ഥാനം. 18 വയസ്സു തികഞ്ഞ എല്ലാവര്‍ക്കും സംസ്ഥാനം വാക്‌സിന്‍ സൗജന്യം പ്രഖ്യാപിച്ചു. വാക്‌സിന്‍ സ്റ്റോക്ക് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞു.

ബീഹാറിലും കൊവിഡ് വാക്‌സിന്‍ മെയ് ഒന്നുമുതല്‍ 18 വയസ്സിനു മുകളില്‍ ഏവര്‍ക്കും നല്‍കിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയാണ് വാക്‌സിന്‍ നല്‍കുക. സൗജന്യ വാക്‌സിന്‍ നല്‍കുന്ന സ്വകാര്യ ആശുപത്രികളുടെ പട്ടിക ഉടന്‍ പുറത്തുവിടും.

കേരളത്തിലും 18നു മുകളില്‍ സൗജന്യ വാക്‌സിന്‍ ലഭിക്കും. എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

മധ്യപ്രദേശാണ് വാക്‌സിന്‍ സൗജന്യമാക്കിയ അടുത്ത സംസ്ഥാനം. മുഖ്യമന്ത്രിയാണ് മന്ത്രിസഭാ യോഗത്തിനുശേഷം പ്രഖ്യാപനം നടത്തിയത്.

അസമില്‍ 18-45 വയസ്സിനുള്ളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കും. കൊവിഡ് പ്രതിരോധത്തിനു വേണ്ടി ലഭിച്ച സംഭാവനകള്‍ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് മറ്റുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമാക്കിയത്.

ഗോവയില്‍ 18-45 വയസ്സിനുള്ളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കും. അതനുസരിച്ചുളള വാക്‌സിന്‍ ലഭ്യമാക്കാന്‍ ഗോവ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളില്‍ ഗോവ 5,00,000 ഡോസ് കൊവിഷീല്‍ഡ് വാങ്ങുന്നുണ്ട്.

18-45 വയസ്സിനുള്ളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം ചന്ദ് തമാങ് പറഞ്ഞു. ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ സംസ്ഥാന ബജറ്റില്‍ നിന്ന് പണം കണ്ടെത്തും.

നിലവില്‍ 45 വയസ്സിനു മുകളില്‍ കൊവിഡ് വാക്‌സിന്‍ രാജ്യത്താകമാനം സൗജന്യമായാണ് ലഭിക്കുന്നത്.

Tags:    

Similar News