മോണിക്കയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തി ക്ലിന്റനെ കുടുക്കിയ ലിന്‍ഡ ട്രിപ് അന്തരിച്ചു
വൈറ്റ് ഹൗസ് ഇന്റേണിയായ മോണിക്ക ലെവിന്‍സ്‌കിയുടെ ഫോണ്‍ റെക്കോര്‍ഡുകള്‍ ചോര്‍ത്തി മോണിക്കയും ബില്‍ ക്ലിന്റണും തമ്മിലുള്ള ബന്ധം പുറത്തു കൊണ്ടു വന്നത് ലിന്‍ഡ ട്രിപ്പായിരുന്നു. ഈ സംഭവമാണ് ക്ലിന്റന്റെ ഇംപീച്ച്‌മെന്റ് ബില്ലില്ലേക്ക് എത്തിച്ചത്.
വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ ഇംപീച്ച് ചെയ്യാനുള്ള ബില്ലിലേക്ക് വഴിവെച്ച വിവാദത്തിലെ പ്രധാന കണ്ണിയായ ലിന്‍ഡ് ട്രിപ് (70) അന്തരിച്ചു. 2001 മുതല്‍ സ്തനാര്‍ബുദ ചികിത്സയിലായിരുന്നു ട്രിപിന്റെ അന്ത്യം വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ്. വൈറ്റ് ഹൗസ് ഇന്റേണിയായ മോണിക്ക ലെവിന്‍സ്‌കിയുടെ ഫോണ്‍ റെക്കോര്‍ഡുകള്‍ ചോര്‍ത്തി മോണിക്കയും ബില്‍ ക്ലിന്റണും തമ്മിലുള്ള ബന്ധം പുറത്തു കൊണ്ടു വന്നത് ലിന്‍ഡ ട്രിപ്പായിരുന്നു. ഈ സംഭവമാണ് ക്ലിന്റന്റെ ഇംപീച്ച്‌മെന്റ് ബില്ലില്ലേക്ക് എത്തിച്ചത്.
1990കളില്‍ യുഎസിനെ പിടിച്ചുലച്ച 'വൈറ്റ് വാട്ടര്‍' വിവാദം അന്വേഷിക്കാന്‍ യുഎസ് നിയമമന്ത്രാലയം കെന്നത്ത് സ്റ്റാറിനെ സ്വതന്ത്ര അഭിഭാഷകനായി നിയോഗിച്ചിരുന്നു. യുഎസിലെ അര്‍ക്കന്‍സോയില്‍ വൈറ്റ് നദീതീരത്ത് ക്ലിന്റനും ഭാര്യ ഹിലാരി ക്ലിന്റനും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളുണ്ടെന്നതുമായി ബന്ധപ്പെട്ടതായിരുന്നു വൈറ്റ് വാട്ടര്‍ വിവാദം. ഇതിന്റെ അന്വേഷണമാണ് പിന്നീട് ക്ലിന്റനും വൈറ്റ് ഹൗസ് ഇന്റേണായ മോണിക്ക ലെവിന്‍സ്‌കിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള തെളിവുകളിലേക്കെത്തിച്ചത്.
1997ല്‍ പെന്റഗണ്‍ ജീവനക്കാരിയായിരുന്നു ലിന്‍ഡ ട്രിപ്. വൈറ്റ് ഹൗസ് ഇന്റര്‍ണീയായിരുന്ന മോണിക്ക ലെവന്‍സ്‌കി ഒരിക്കല്‍ ഫോണ്‍ സംഭാഷണത്തിനിടെ പ്രസിഡന്റ് ക്ലിന്റണുമായുള്ള ബന്ധത്തെ കുറിച്ച് ട്രിപിനോട് സൂചിപ്പിച്ചിരുന്നു. ഇതു രസഹ്യമായി റെക്കോര്‍ഡ് ചെയ്ത ട്രിപ്
പിന്നീട് മണിക്കൂറുകള്‍ നീണ്ട ടെലിഫോണ്‍ സംഭാഷണം അഭിഭാഷകനായ കെന്നത്തിനെ ഏല്‍പിക്കുകയായിരുന്നു. ആരോപണം ആദ്യം നിഷേധിച്ച ക്ലിന്റന്‍ 1998 ജനുവരിയില്‍ ഇത് അംഗീകരിച്ചു. യുഎസിലും ആഗോളതലത്തിലും വലിയ കോളിളക്കമുണ്ടാക്കി. ക്ലിന്റന്‍ ഇംപീച്ച് ചെയ്യപ്പെടും എന്ന ഘട്ടത്തിലേയ്ക്ക് വരെ കാര്യങ്ങളെത്തി. ക്ലിന്റനെതിരേ ഇംപീച്ച്മെന്റ് കുറ്റങ്ങള്‍ ചുമത്തപ്പെട്ടെങ്കിലും 21 ദിവസത്തെ വിചാരണക്കടുവില്‍ സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.
ഈ റെക്കോഡിങ്ങുകള്‍ മോണിക്ക ലെവന്‍സ്‌കിയെയും വര്‍ഷങ്ങളോളം വേട്ടയാടുകയും ചെയ്തു. സംഭവങ്ങള്‍ നടക്കുന്ന കാലത്ത് 48 വയസുള്ള വിവാഹ മോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായിരുന്നു ട്രിപ്. നിയമ വാഴ്ചയ്ക്ക് വേണ്ടി നിലകൊണ്ട വ്യക്തിയെന്നാണ് ഒരു വിഭാഗം ട്രിപിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഒരു അമ്മയെ പോലെ ട്രിപിനെ വിശ്വസിച്ച പെണ്‍കുട്ടിയെ ചതിച്ച് ലാഭം നേടിയവള്‍ എന്ന് മറ്റൊരു വിഭാഗം കുറ്റപ്പെടുത്തി. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടെന്നാണ് ലിന്‍ഡയുടെ ഫോണ്‍ ചോര്‍ത്തലിനെ അന്ന് മോണിക്ക വിശേഷിപ്പിച്ചത്. അതേസമയം, ലിന്‍ഡയുടെ രോഗം മൂര്‍ച്ചിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് പിന്തുണയറിയിച്ചു കൊണ്ട് മോണിക്ക ലെവന്‍സ്‌കി സന്ദേശമയച്ചിരുന്നു.'ഭൂതകാലമെന്തുമായിക്കോട്ടെ, ലിന്‍ഡയുടെ അസുഖവാര്‍ത്തയറിഞ്ഞ ഞാന്‍ അവര്‍ രോഗമുക്തി നേടാനായി പ്രാര്‍ഥിക്കുന്നു' എന്നാണ് മോണിക്ക ട്വീറ്റ് ചെയ്തത്. അന്ന് ക്ലിന്റണെ ശിക്ഷിച്ചിരുന്നെങ്കില്‍ ലോകത്ത് മിടൂ മുന്നേറ്റം നേരത്തെ സംഭവിക്കുമായിരുന്നെന്നു സംഭവത്തെ മുന്‍നിര്‍ത്തി ഒരിക്കല്‍ ലിന്‍ഡയും പറഞ്ഞിരുന്നു.
1997ലാണ് വൈറ്റ് ഹൗസ് മുന്‍ ഇന്റേണ്‍ ആയിരുന്ന മോണിക്ക ലെവിന്‍സ്‌കിയുമായി തന്നേക്കാള്‍ 27 വയസ് പ്രായം കൂടുതലുണ്ടായിരുന്ന അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ബില്‍ ക്ലിന്റന് ബന്ധമുണ്ടായിരുന്നതായി ആരോപണം ഉയരുന്നത്.