എന്തുകൊണ്ട് കല്‍ക്കരി പ്രതിസന്ധി? പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസ്സിലേക്കുള്ള മാറ്റം പാളിയോ?
2022 ഏപ്രില്‍ 28ന്, കല്‍ക്കരിയുടെ സുഗമമായ നീക്കത്തിനുവേണ്ടി രാജ്യത്തെ നിരവധി യാത്രാ ട്രെയിനുകള്‍ റദ്ദാക്കി. ചരക്ക് വണ്ടികളില്‍ 100,000 വാഗണുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനും അതിന്റെ സുഗമമായ പ്രയാണത്തിനുവേണ്ടി പ്രത്യേക ലൈനിന് രൂപം നല്‍കാനും ഇന്ത്യന്‍ റെയില്‍വേക്ക് പദ്ധതിയുണ്ട്. എല്ലാ കല്‍ക്കരിയുടെ സുഗമമായ നീക്കത്തിനുവേണ്ടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ കയ്യയച്ച സഹായം ഒരു വശത്ത് ഇങ്ങനെയായിരിക്കുമ്പോള്‍ ഡല്‍ഹിയിലെ വൈദ്യുത നിലയങ്ങളില്‍ ഒരു ദിവസത്തില്‍ താഴെ കല്‍ക്കരി മാത്രമേ അവശേഷിക്കുന്നുള്ളുവെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. വൈദ്യുതി ക്ഷാമം പവര്‍കട്ടിനിടയാക്കുമെന്നും മെട്രോ, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയ നിര്‍ണായക സേവനങ്ങളെ ബാധിക്കുമെന്നും അധികാരികള്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. രാജ്യം ഗുരുതരമായ കല്‍ക്കരി ക്ഷാമം നേരിടുകയാണെന്ന കാര്യം ഇപ്പോള്‍ രഹസ്യമല്ല.
2022 ഏപ്രില്‍ മുതല്‍ ഇന്ത്യയിലെ വൈദ്യുതിനിലയങ്ങളിലെ കല്‍ക്കരി ശേഖരം ഏകദേശം 17 ശതമാനം കുറഞ്ഞു. ആവശ്യമായ അളവിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇപ്പോഴുള്ളത്. ഒരു ചോദ്യം ഇതാണ്. എന്താണ് കാരണം?
ഇന്ത്യയുടെ ഊര്‍ജ ആവശ്യത്തിന്റെ എഴുപത് ശതമാനവും താപവൈദ്യുത നിലയങ്ങളാണ് നിറവേറ്റുന്നത്. ഈ ഭീമമായ ആവശ്യം നിറവേറ്റുന്നതിനായി രാജ്യം ആഭ്യന്തര ഉല്‍പാദനത്തെയും വിദേശ ഇറക്കുമതിയെയും ആശ്രയിക്കുന്നു. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
എന്നാല്‍ 2021 മുതല്‍, വ്യാവസായിക ആവശ്യകതയിലെ വര്‍ദ്ധന, അന്താരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലുകള്‍, യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം എന്നിവ മൂലം കല്‍ക്കരിയുടെ അന്താരാഷ്ട്ര വില റെക്കോര്‍ഡ് ഉയരത്തിലെത്താന്‍ തുടങ്ങി. ഇതെല്ലാം ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതിയെ സാരമായി ബാധിച്ചു.
അതേസമയം, ഇന്ത്യയില്‍ വൈദ്യുതി ആവശ്യവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2019ല്‍ പ്രതിമാസം 106.6 ബില്യന്‍ യൂനിറ്റ് ആയിരുന്ന ഊര്‍ജ്ജ ആവശ്യം 2022ല്‍ 132 ബില്യണ്‍ യൂനിറ്റ് ആയി വര്‍ധിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന് ശേഷം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ രാജ്യത്തെ വ്യവസായങ്ങളുടെ കല്‍ക്കരി ആവശ്യകത പെട്ടെന്ന് വര്‍ധിച്ചു. ലോകത്തിലെ നാലാമത്തെ വലിയ കരുതല്‍ ശേഖരം ഉണ്ടായിരുന്നിട്ടും, ആഭ്യന്തര കല്‍ക്കരി ഉല്‍പ്പാദകര്‍ക്ക് രാജ്യത്തിന്റെ ആവശ്യം നിറവേറ്റാന്‍ കഴിയുന്നില്ല. ആസൂത്രണത്തിലെ പാളിച്ചയാണ് ഇക്കാര്യത്തില്‍ ഒരു വില്ലന്‍.
ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങള്‍ ഉഷ്ണതരംഗത്തിന്റെ പിടിയിലായതോടെ താപവൈദ്യുതി നിലയങ്ങള്‍ക്കുമുകളിലെ സമ്മദ്ദം വര്‍ധിച്ചിട്ടുണ്ട്. അടച്ചിട്ടിരിക്കുന്നവ പോലും തുറക്കാന്‍ തുടങ്ങി. റിപോര്‍ട്ടുകള്‍ പ്രകാരം, 2022 ഏപ്രില്‍ 26ന് രാജ്യത്തിന്റെ വൈദ്യുതി ആവശ്യകത റെക്കോര്‍ഡ് മാര്‍ക്ക് കടന്ന് 201 ഗിഗാവാട്ട് ആയി. 46 ഡിഗ്രിയിലേക്ക് താപനില ഉയരുന്നതോടെ ഇതില്‍ ഇനിയും വര്‍ധനയുണ്ടാവും.
കല്‍ക്കരി ക്ഷാമം ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ്, തമിഴ്‌നാട് തുടങ്ങി ഒന്നിലധികം സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഗുരുതരമായതോടെ പുനരുപയോഗിക്കാനാവാത്ത ഊര്‍ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് ഇങ്ങനെയൊരു പ്രതിസന്ധി.
2021 നവംബറില്‍ ഗ്ലാസ്‌ഗോയില്‍ നടന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന യോഗത്തില്‍, 2030 ഓടെ ഇന്ത്യ ഫോസില്‍ ഇതര സ്രോതസ്സുകളില്‍ നിന്ന് 50 ശതമാനം ഊര്‍ജം ഉത്പാദിപ്പിക്കുമെന്നും 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം വഴിയാവുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ നിലവിലെ പ്രതിസന്ധി കാണിക്കുന്നത് ഇന്ത്യയുടെ കല്‍ക്കരിയുടെ മേലുള്ള ആശ്രിതത്വം കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യക്ക് തടസ്സമാവുമെന്നാണ്.