ഡോ. ടി എം തോമസ് ഐസക്
കോഴിക്കോട്: രാജ്യം വലിയ തോതില്‍ കല്‍ക്കരി പ്രതിസന്ധി അനുഭവിക്കുകയാണ്. കല്‍ക്കരി വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന ഇന്ധനമായതിനാല്‍ അതിന്റെ പ്രതിസന്ധി എല്ലാ മേഖലകളെയും ബാധിക്കും. സ്വകാര്യവല്‍ക്കരണമാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയാണ് ലോകത്ത് കല്‍ക്കരി ലഭ്യതയില്‍ രണ്ടാംസ്ഥാനമുള്ള ഇന്ത്യാ രാജ്യത്ത് കല്‍ക്കരി ക്ഷാമം ഉണ്ടായിട്ടുള്ളത്. ഇതിനു പിന്നില്‍ കെടുകാര്യസ്ഥത മാത്രമല്ല അഴിമതിയുമുണ്ട്. കല്‍ക്കരി ക്ഷാമം വൈദ്യുതി ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചു. സാമ്പത്തിക വീണ്ടെടുപ്പിന് മറ്റൊരു വിലങ്ങുതടിയായി മാറിയിരിക്കുകയാണ്.
കോള്‍ ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖലാ ഖനന കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള ഭാഗമായി എടുത്ത നീക്കമാണ് ഇപ്പോള്‍ വിനയായത്.
(1) പുതിയ ഖനികള്‍ വികസിപ്പിക്കുന്നതിനുവേണ്ടിയുള്ള കരുതല്‍ പണത്തില്‍ നിന്ന് 35,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ എടുത്തു. എന്നു മാത്രമല്ല ബാക്കി പണംകൊണ്ട് പൊതുമേഖല വളക്കമ്പനികളുടെ ഷെയര്‍ വാങ്ങിച്ചു.
(2) കോള്‍ ഇന്ത്യയുടെ നല്ല ഖനികള്‍ ലേലം വിളിച്ചു സ്വകാര്യ സംരംഭകര്‍ക്കു നല്‍കി.
(3) നാലു വര്‍ഷമായി സിഎംഡി ഇല്ലാതായിട്ട്. മറ്റു പ്രധാന ഉദ്യോഗസ്ഥരും സ്ഥലംമാറ്റപ്പെട്ടു.
ഇതിന്റെയൊക്കെ ഫലമായി കഴിഞ്ഞ മൂന്നു വര്‍ഷമായി കമ്പനിയുടെ ഉല്‍പ്പാദനം വര്‍ദ്ധനയില്ലാതെ 60 കോടി മെട്രിക് ടണ്ണില്‍ മരവിച്ചു കിടക്കുകയാണ്.
പുതിയ മുതലാളിമാര്‍ കല്‍ക്കരി ഖനനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോഴും. അതുകൊണ്ട് അവര്‍ കല്‍ക്കരി ഇറക്കുമതി ചെയ്തു. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി പൊതുമേഖലാ വൈദ്യുതി കമ്പനികളെക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങിപ്പിച്ചു. ഇപ്പോള്‍ ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പറയുന്നത് ഇറക്കുമതിക്കാര്‍ 30,000 കോടി രൂപ അധികവില ഇവര്‍ വാങ്ങിയെന്നാണ്. അദാനി മുംബൈ ഹൈക്കോടതിയില്‍ പോയി നോട്ടിസുകള്‍ക്കു സ്‌റ്റേ വാങ്ങി. ഇപ്പോള്‍ സുപ്രിംകോടതി ആ വിധി റദ്ദാക്കിയിരിക്കുകയാണ്. മെയ് 19ലെ ബ്ലൂംബര്‍ഗ് റിപോര്‍ട്ട് പ്രകാരം കല്‍ക്കരി വില വര്‍ദ്ധനവുമൂലം അദാനിയുടെ മൂന്നു മാസക്കാലത്തെ വരുമാനത്തില്‍ 30 ശതമാനം വര്‍ദ്ധനവ് ഉണ്ടായിയെന്നാണ്.
കേന്ദ്രസര്‍ക്കാരാണ് പ്രതിസന്ധി സൃഷ്ടിച്ചത്. എന്നിട്ട് ഇപ്പോള്‍ കൈ കഴുകുകയാണ്. സംസ്ഥാനങ്ങള്‍ നേരിട്ട് കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഇറക്കുമതി ചെയ്യാത്ത വൈദ്യുതിനിലയങ്ങളുടെമേല്‍ പിഴയും അടിച്ചേല്‍പ്പിച്ചു. അങ്ങനെ സംസ്ഥാനങ്ങള്‍ മുന്‍പരിചയമില്ലാത്ത ഇറക്കുമതിക്ക് മത്സരിച്ചു ടെണ്ടര്‍ വിളിച്ചു. ഇത് അവസരമാക്കി വിദേശികള്‍ കല്‍ക്കരി വില കുത്തനെ ഉയര്‍ത്തി. അതുപോലെ തന്നെ ഓരോ വൈദ്യുതിനിലയത്തിനും സാധാരണ ഉപയോഗിച്ചുവരുന്ന കല്‍ക്കരിയില്‍ നിന്നു വ്യത്യസ്തമായ കല്‍ക്കരിയാണ് ഇറക്കുമതിയിലൂടെ ലഭിച്ചത്. ഇത് ഉല്‍പ്പാദനത്തെ ബാധിച്ചു. ഇതിന്റെ ഫലമായി പഞ്ചാബിന് 800 കോടി രൂപയുടെയും ഹരിയാനയ്ക്ക് 1200 കോടി രൂപയുടെയും അധികച്ചെലവ് ഉണ്ടായി. ഈ വര്‍ഷം ഈയിനത്തില്‍ 24000 കോടി രൂപയെങ്കിലും നഷ്ടം വരുമെന്നാണു കണക്ക്.
കല്‍ക്കരി ഇറക്കുമതി ചെയ്യാനുള്ള ചുമതല പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം. അതിനു ദീര്‍ഘനാള്‍ പരിചയമുള്ള ഒരു പൊതുമേഖലാ സ്ഥാപനം തന്നെയുണ്ട്. സ്വകാര്യവല്‍ക്കരണത്തിനു വേണ്ടിയുള്ള ഭ്രാന്തന്‍ നടപടികള്‍ എങ്ങനെ നാടിനു വിനാശമായിത്തീരുന്നുവെന്നതിന് നല്ല ഉദാഹരണമാണ് ഇന്ന് കല്‍ക്കരി മേഖലയിലെ പ്രതിസന്ധി.
പൊതുമേഖലയ്ക്കും പൊതുമേഖലാ സേവനങ്ങള്‍ക്കുമുള്ള ജനകീയ കമ്മീഷന്‍ ഇതിനു പിന്നിലെ കെടുകാര്യസ്ഥതയും അഴിമതിയും സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.