അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ നഴ്‌സുമാരെ അപമാനിച്ച ദുര്‍ഗാദാസിനെതിരേ വ്യാപകപ്രതിഷേധം; ഖത്തര്‍ നല്‍കുന്നത് മികച്ച സുരക്ഷയെന്ന് ഖത്തര്‍ നഴ്‌സിങ് യൂനിയന്‍ പ്രതിനിധി
ദോഹ: തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്ത് നഴ്‌സുമാര്‍ക്കെതിരേ അവഹേളനപരമായ പരാമര്‍ശനം നടത്തിയ ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ദുര്‍ഗാദാസിനെതിരേ വ്യാപക പ്രതിഷേധം. ഗള്‍ഫ് നാടുകളില്‍ മതംമാറ്റം നടക്കുന്നുവെന്നും തീവ്രവാദികളുടെ ലൈംഗികാവശ്യങ്ങള്‍ക്കായി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്നുമാണ് ഇയാള്‍ സമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഇയാളുടെ വിദ്വേഷപരാമര്‍ശത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രവാസിസമൂഹം രംഗത്തെത്തിയത്.
ഖത്തറില്‍ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായ ദുര്‍ഗാദാസ് കേരള സര്‍ക്കാരിനു കീഴിലുളള മലയാളം മിഷന്‍ ഖത്തര്‍ കോര്‍ഡിനേറ്ററുമാണ്.
12 വര്‍ഷം ആയി ഖത്തറില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ടെന്നും ഇന്ത്യ എന്ന പെറ്റമ്മയേക്കാള്‍ ഒരുപിടി സ്‌നേഹം കൂടതല്‍ ഖത്തര്‍ എന്ന പോറ്റമ്മയോടാണെന്നും ഈ നാട് തനിക്കും കുടുംബത്തിനും തരുന്ന സുരക്ഷാ കവചത്തിലുള്ള വിശ്വാസം കൊണ്ടാണ് അതെന്നും ഖത്തറിലെ നഴ്‌സിങ് സംഘടനയുടെ പ്രതിനിധിയായ സ്മിത ദീപു സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
''ദുര്‍ഗദാസേ...ഖത്തറിലെ ഒരു അംഗീകൃത നഴ്‌സിംഗ് സംഘടനയുടെ ഭാരവാഹിയാണ് ഞാന്‍. ഈ രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് സമൂഹത്തില്‍ ഇറങ്ങി ചെന്ന ഒരു നഴ്‌സിംഗ് സംഘടനയുടെ ഭാരവാഹി..12 വര്‍ഷം ആയി ഖത്തര്‍ എന്നാ മഹാരാജ്യത്ത് നഴ്‌സിംഗ് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്.അതും ഇന്ത്യയിലെ അംഗീകൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ കൂടി .ഇന്ന് ഇന്ത്യ എന്ന പെറ്റമ്മയേക്കാള്‍ ഒരുപിടി സ്‌നേഹം കൂടതല്‍ എനിക്ക് ഖത്തര്‍ എന്ന എന്റെ പോറ്റമ്മയോടാണ്. അത് ഈ നാട് എനിക്കും എന്റെ കുടുംബത്തിനും തരുന്ന സുരക്ഷ കവചത്തില്‍ ഉള്ള വിശ്വാസം കൊണ്ടാണ് ആണ്.നഴ്‌സിംഗ് സമൂഹത്തിനു ഈ രാജ്യം തരുന്ന ബഹുമാനം കൊണ്ടാണ്. അവര്‍ തരുന്ന കരുതലില്‍ ഞങ്ങള്‍ സുരക്ഷിതര്‍ ആണ് എന്നുറപ്പ് ഉള്ളത് കൊണ്ടാണ്.
അങ്ങനെ ഉള്ള ഒരു രാജ്യത്ത് ജോലി ചെയ്യുന്ന ഒരു സമൂഹത്തെ ആണ് ഇത്രയും വൃത്തികെട്ട പരാമര്‍ശം നടത്തി താങ്കള്‍ അപമാനിച്ചേക്കുന്നത്''- ഇക്കാര്യത്തില്‍ ഒരു ശതമാനം പോലും ക്ഷമിക്കാന്‍ സാധിക്കില്ലെന്നും സ്മിത രോഷത്തോടെ കുറിച്ചു.
ഒരു രോഗി ബോധം നശിച്ചു മുന്‍പില്‍ വരുമ്പോള്‍, മൂക്കു ചുളിക്കാതെ, കണ്ണ് മിഴിക്കാതെ അവരുടെ വിസര്‍ജ്യങ്ങള്‍ അളന്നു കുറിച്ച്, അവരുടെ സ്രവങ്ങള്‍ വൃത്തിയാക്കി പരിചരിക്കുന്ന, അവരുടെ ജീവന് കാവല്‍ നില്‍ക്കുന്ന, പവിത്രമായ ഒരു തൊഴിലിനെയാണ് ദുര്‍ഗാദാസ് അപമാനിച്ചിരിക്കുന്നതെന്നു കുറ്റപ്പെടുത്തുന്ന കുറിപ്പ് ഇതാണോ താങ്കളുടെ സാമൂഹ്യ പ്രതിബദ്ധത എന്ന് ചോദിച്ചിരിക്കുന്നു. ഇത്രയും വലിയ മഹാമാരി വന്നു ലോകം മൊത്തം കുലുക്കിയിട്ടും നിങ്ങളെപ്പോലുള്ള വിഷജന്തുക്കള്‍ ഇനിയുമുണ്ടല്ലോ എന്നോര്‍ക്കുമ്പോളാണ് അദ്ഭുതംഎന്നുപറഞ്ഞാണ് അവസാനിപ്പിച്ചിരിക്കുന്നത്.
ദുര്‍ഗാദാസ് ഒരു സൂചനയാണ് അയാളും അയാളുടെ സംഘവും കത്തിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തീ ചാരമാക്കാന്‍ പോകുന്നത് മുസ് ലിം സമുദായത്തെ മാത്രമായിരിക്കില്ലെന്നുപറഞ്ഞാണ് റജീന റെജി സ്മിതയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. നഴ്‌സിംഗ് സമൂഹത്തെയും ഖത്തര്‍ ജനതയെയും ഇങ്ങനെ അപമാനിച്ച ഈ നീചന്‍ ഖത്തറിലാണ് ജോലി ചെയ്യുന്നതെങ്കില്‍ ഇവന്റെ പേരില്‍ ഖത്തര്‍ ഗവണ്മെന്റ് നടപടിയെടുക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ അവിടത്തെ നഴ്‌സിംഗ് സമൂഹം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘടനയുടെ ഔദ്യോഗിക പേജിലെ കുറിപ്പില്‍ ആവശ്യപ്പെട്ടു.
ദുര്‍ഗാദാസ് മാപ്പുപറയണമെന്നാണ് നൗഫല്‍ ഷിഫ ആവശ്യപ്പെടുന്നത്.